Share this Article
ദൃശ്യം 3 വരുന്നു, തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,അഭിമുഖത്തിൽ സ്ഥിരീകരിച്ച് മോഹൻലാൽ
വെബ് ടീം
posted on 24-12-2024
1 min read
MOHANLAL

ഇങ്ങനെയൊന്നു സംഭവിക്കുമോ എന്ന് മലയാളികൾ മാത്രമല്ല മറ്റ് ഭാഷകളിലെയും സിനിമാ പ്രേമികൾ അമ്പരന്നു നിന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ത്രില്ലർ,ക്രൈം സിനിമകളിൽ പുതുമയുമായി എത്തിയ സിനിമക്ക് ആണ് ഇപ്പോൾ മൂന്നാം ഭാഗം വരുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ദൃശ്യം 3 സംഭവിക്കുമെന്ന് വെളിപ്പെടുത്തിയത്. 

അഭിമുഖത്തിൽ ലാൽ പറഞ്ഞതിങ്ങനെയാണ്  "ഷൂട്ട് ചെയ്യുന്നതിന് അഞ്ച്  വര്‍ഷം മുൻപെ സംവിധായകന്‍റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്""കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ​ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ ​അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍," മോഹൻലാൽ പറഞ്ഞു. രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം മൂന്നാം ഭാഗത്തെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ തന്നിരുന്നില്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന മോഹൻലാലിന്റെ വാക്കുകൾ അതുകൊണ്ടു തന്നെ പ്രേക്ഷകർ ആഘോഷമാക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories