2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടത് 160 ചിത്രങ്ങളാണ്. ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതില്‍നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാലു ചിത്രങ്ങളാണ് സമര്‍പ്പിക്ക പ്പെട്ടിരുന്നത്. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ല. പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമജൂറി അവാര്‍ഡ് നിര്‍ണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായി രുന്നുവെന്നത് മലയാളസിനിമയുടെ 'ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്.
ജൂറി നിര്‍ദ്ദേശങ്ങള്‍
1. പ്രാഥമിക ജൂറിയുടെ സബ്കമ്മിറ്റിയില്‍ നിലവില്‍ 4 അംഗങ്ങളാണുള്ളത്. അത് 3 അല്ലെങ്കില്‍ 5 എന്ന നിലയില്‍ പുനഃക്രമീകരിക്കേണ്ടതാണ്.
2. പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാള ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണം.
3. വന്‍കിട മൂലധന സഹായമില്ലാതെ സിനിമയെന്ന മാധ്യമത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഇന്‍ഡി സിനിമകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണം.
4. മികച്ച തിരക്കഥകള്‍ ഒരുക്കുന്നതിനായി സ്‌ക്രിപ്റ്റ് ലാബ്, മെന്ററിംഗ് എന്നിവ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.
രചനാ വിഭാഗം
ജൂറി റിപ്പോര്‍ട്ട്
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ രചനാവിഭാഗത്തില്‍ 19 പുസ്തകങ്ങളും 45 ലേഖനങ്ങളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ക്വിയര്‍ കാഴ്ചപ്പാടിലുള്ള സിനിമകളുടെ അപഗ്രഥനം, സിനിമയെ സാംസ്‌കാരികവും സാമൂഹികവും ചരിത്രപരവുമായി സമീപിക്കുന്ന ഗ്രന്ഥങ്ങള്‍, വ്യക്തികേന്ദ്രിതമായ പഠനങ്ങള്‍, സ്ത്രീപക്ഷ പഠനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പരിഗണനയ്ക്കായി വന്നത്. രചനയിലെ മൗലികത, കേന്ദ്രീകൃതപ്രമേയത്തിലൂന്നിയുള്ള സമീപനം, വിഷയാവതരണത്തിലെ പുതുമ, രചനാപരമായ സൂക്ഷ്മത എന്നീ ഘടകങ്ങള്‍ ഒത്തിണങ്ങിയ ഗ്രന്ഥത്തിന് അംഗീകാരം നല്‍കുകയെന്നതായിരുന്നു ജൂറിയുടെ താല്‍പ്പര്യം.
മല്‍സരത്തിന് ലഭിച്ച ലേഖനങ്ങളില്‍ പലതും മികച്ച നിലവാരം പുലര്‍ത്തുന്ന വയായിരുന്നു. ദേശീയത, ജനപ്രിയത, താരനിര്‍മ്മിതി, നവസാങ്കേതികത, ലിംഗപദവി, ചലച്ചിത്രകാരന്മാരെപ്പറ്റിയുള്ള വ്യക്തിഗതപഠനങ്ങള്‍ തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളായിരുന്നു ലേഖനങ്ങളില്‍ പ്രധാനമായും കണ്ടത്.
2023 ലെ രചനാ വിഭാഗത്തില്‍ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരം, കിഷോര്‍ കുമാറിന്റെ 'മഴവില്‍ കണ്ണിലൂടെ മലയാള സിനിമ' എന്ന ഗ്രന്ഥത്തിനും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം ഡോ.രാജേഷ് എം.ആറിന്റെ 'ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍' എന്ന ലേഖനത്തിനും നല്‍കുവാന്‍ ജൂറി ശുപാര്‍ശ ചെയ്യുന്നു.
പുരസ്‌കാര നിര്‍ണയത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ 'കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍' എന്ന പി.പ്രേമചന്ദ്രന്റെ പുസ്തകത്തിന്റെ മികവ് പരിഗണിച്ച് പ്രത്യേക ജൂറി പരാമര്‍ശം നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്നു.
'ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍: ചരിത്രവും രാഷ്ട്രീയവും' എന്ന ലേഖനത്തിന്റെ രചനാപരമായ സമഗ്രത പരിഗണിച്ച് പ്രത്യേക ജൂറി പരാമര്‍ശം നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്നു.
രചനാ വിഭാഗം ജൂറി നിര്‍ദ്ദേശങ്ങള്‍
1. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ പഠനങ്ങളെയും മത്സരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
2. കൃത്യമായ രീതിശാസ്ത്രപദ്ധതികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചലച്ചിത്രപഠന ങ്ങളെയും സിനിമാ നിരൂപണങ്ങളെയും രണ്ടായി പരിഗണിക്കാവുന്നതാണ്.
3. പുരസ്‌കാരത്തുക കാലോചിതമായി വര്‍ധിപ്പിക്കാവുന്നതാണ്.
രചനാ വിഭാഗം
അവാര്‍ഡുകള്‍
1. മികച്ച ചലച്ചിത്രഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ മലയാള സിനിമ
ഗ്രന്ഥകര്‍ത്താവ് - കിഷോര്‍ കുമാര്‍
(രചയിതാവിന് 30,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മൗലികവും നൂതനവുമായ കാഴ്ചപ്പാടിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ മലയാള സിനിമയില്‍ സംഭവിച്ച ഭാവുകത്വ പരിണാമത്തെ സൂക്ഷ്മവും വിമര്‍ശനാത്മകവുമായി അപഗ്രഥിക്കുന്ന കൃതി. സിനിമയിലെ ക്വിയര്‍ രാഷ്ട്രീയത്തെ ഈ കൃതി സംവാദാത്മകമാക്കുന്നു.
2. മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍
ലേഖകന്‍ - ഡോ.രാജേഷ് എം.ആര്‍.
(രചയിതാവിന് 20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഇന്ത്യന്‍ സിനിമ ദേശീയതയെ എപ്രകാരമാണ് ആവിഷ്‌കരിക്കുന്നതെന്ന് പരിശോധിക്കുന്ന ലേഖനം. അപരവത്കരണം, ദേശവിരുദ്ധത, ജാതീയത തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബോളിവുഡ് സിനിമകളെയും പ്രാദേശിക ഭാഷാ സിനിമകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന രചന.
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
1. പുസ്തകം - കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍
ഗ്രന്ഥകര്‍ത്താവ് - പി.പ്രേമചന്ദ്രന്‍
(ഗ്രന്ഥകര്‍ത്താവിന് ശില്പവും പ്രശസ്തിപത്രവും)
സിനിമയുടെ ബഹുമുഖതലങ്ങളെ സാംസ്‌കാരിക വിശകലനത്തിന് വിധേയമാക്കുന്ന കൃതി. സാര്‍വദേശീയവും പ്രാദേശികവുമായ ചലച്ചിത്രങ്ങളിലെ ലിംഗരാഷ്ട്രീയത്തെ സൂക്ഷ്മവും ശ്രദ്ധേയവുമായ രീതിയില്‍ രേഖപ്പെടുത്തുന്ന പുസ്തകം.
2. ലേഖനം - ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍:
ചരിത്രവും രാഷ്ട്രീയവും
ലേഖകന്‍ - അനൂപ് കെ.ആര്‍
(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഉദ്ഭവവും വികാസപരിണാമങ്ങളും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന പഠനം.
ചലച്ചിത്ര വിഭാഗം
അവാര്‍ഡുകള്‍
1. മികച്ച ചിത്രം - കാതല്‍ ദി കോര്‍
സംവിധായകന്‍ - ജിയോ ബേബി
നിര്‍മ്മാതാവ് - മമ്മൂട്ടി, മമ്മൂട്ടി കമ്പനി
(നിര്‍മ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും,
സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പരമ്പരാഗത മാനുഷികബന്ധങ്ങള്‍ക്കതീതമായി, മാറുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അതിസൂക്ഷ്മമായും ധ്വനിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്‌കാരത്തിന്.
2. മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട
സംവിധായകന്‍ - രോഹിത് എം.ജി കൃഷ്ണന്‍
നിര്‍മ്മാതാവ് - ജോജു ജോര്‍ജ്
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്
(നിര്‍മ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും,
സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ദുരിതപൂര്‍ണ്ണമായ ബാല്യത്തെയും കുറ്റബോധത്തെയും മനഃശാസ്ത്രപരമായി സമീപിച്ചുകൊണ്ട് തികഞ്ഞ കൈയൊതുക്കത്തോടെയും ഘടനാപരമായ ദൃഢതയോടെയും ഉദ്വേഗജനകമായ പ്രമേയത്തിന്റെ ആഖ്യാനം നിര്‍വഹിച്ചതിന്.
3. മികച്ച സംവിധായകന്‍ - ബ്ലെസി
ചിത്രം - ആടുജീവിതം
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രവാസജീവിതത്തിന്റെ അറിയപ്പെടാത്ത പുറങ്ങളെ സാങ്കേതിക മികവോടെയും സൗന്ദര്യപരമായ കൃത്യതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്
4. മികച്ച നടന്‍ - പൃഥ്വിരാജ് സുകുമാരന്‍
ചിത്രം - ആടുജീവിതം
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍പ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിന്.
5. മികച്ച നടി - 1. ഉര്‍വശി
2. ബീന ആര്‍. ചന്ദ്രന്‍
ചിത്രങ്ങള്‍ - 1. ഉള്ളൊഴുക്ക്
2. തടവ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
തുലനം ചെയ്യാന്‍ പറ്റാത്ത മനുഷ്യാവസ്ഥകളുടെ രണ്ട് വശങ്ങളെ അവിസ്മരണീയ മാക്കിയതിന് ഈ അവാര്‍ഡ് രണ്ടുപേര്‍ക്കായി പങ്കിടുന്നു.
1. മകന്റെ മരണത്തെ തുടര്‍ന്ന് പുത്രവധുവുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ഭാവാവിഷ്‌കാരത്തിന്.
2. ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോവുന്ന സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അനായാസമായി അവതരിപ്പിച്ചതിന്.
6. മികച്ച സ്വഭാവനടന്‍ - വിജയരാഘവന്‍
ചിത്രം - പൂക്കാലം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രായാധിക്യമുള്ള കഥാപാത്രത്തിന്റെ വളരെ സൂക്ഷ്മമായ ഭാവങ്ങള്‍ ആദ്യാവസാനം നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിച്ച അഭിനയ മികവിന്.
7. മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രന്‍
ചിത്രം - പൊമ്പളൈ ഒരുമൈ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു നാടന്‍ വീട്ടമ്മയുടെ സംഘര്‍ഷങ്ങള്‍ സ്വാഭാവികവും നിയന്ത്രിതവുമായി അവതരിപ്പിച്ച പ്രകടന മികവിന്.
8. മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനോന്‍
ചിത്രം - പാച്ചുവും അത്ഭുതവിളക്കും (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സിനിമയിലെ സുപ്രധാനമായ ഒരു സന്ദര്‍ഭത്തില്‍ കടന്നുവരുകയും തന്റെ കഥാപാത്രത്തെ ശ്രദ്ധേയമാക്കുകയും ചെയ്ത അഭിനയ മികവിന്.
9. മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ്
ചിത്രം - ശേഷം മൈക്കില്‍ ഫാത്തിമ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കുഞ്ഞുമനസ്സില്‍ ഒരു ജീവിതലക്ഷ്യം എങ്ങനെ രൂപം കൊള്ളുന്നുവെന്ന് ഫാത്തിമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തിലൂടെ അസാമാന്യമായി അവതരിപ്പിച്ച പ്രകടന മികവിന്.
10. മികച്ച കഥാകൃത്ത് - ആദര്‍ശ് സുകുമാരന്‍
ചിത്രം - കാതല്‍ ദി കോര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ബഹുസ്വരമായ ഒരു സമൂഹത്തിലേക്ക് ഉള്‍ച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാചാതുരിക്ക്.
11. മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ്.
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥയുടെ വൈകാരിക തലങ്ങള്‍ ദൃശ്യബിംബങ്ങളിലൂടെയും നിറഭേദങ്ങളിലൂടെയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞ ഛായാഗ്രഹണ മികവിന്.
12. മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്ണന്‍
ചിത്രം - ഇരട്ട
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ബാല്യത്തിനുശേഷം രണ്ടുവഴികളായി വേര്‍പിരിഞ്ഞ ഇരട്ട സഹോദരന്മാരുടെ സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ ജീവിതത്തെ പിരിമുറുക്കത്തോടെ അവതരിപ്പിച്ച രചനാമികവിന്.
13. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) - ബ്ലെസി
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സാഹിത്യരചനയെ ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി അനുവര്‍ത്തനം ചെയ്‌തെടുത്ത മികവിന്.
14. മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍
ഗാനം - ചെന്താമരപ്പൂവിന്‍
ചിത്രം - ചാവേര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചിത്രത്തിന്റെ ഇതിവൃത്തത്തെ സംഗീതാത്മകമായ വരികളിലൂടെ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ട് പ്രതിഫലിപ്പിച്ച കാവ്യരചനയ്ക്ക്.
15. മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വര്‍ഗീസ്
(ഗാനങ്ങള്‍)
ഗാനം - ചെന്താമരപ്പൂവിന്‍
ചിത്രം - ചാവേര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പൈതൃക സംഗീതത്തെ പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളോട് സന്നിവേശിപ്പിച്ച സംഗീത സംവിധാന മികവിന്.
16. മികച്ച സംഗീത സംവിധായകന്‍ - മാത്യൂസ് പുളിക്കന്‍
(പശ്ചാത്തല സംഗീതം)
ചിത്രം - കാതല്‍ ദി കോര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സന്ദിഗ്ധമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ സൂക്ഷ്മവികാരതലങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പശ്ചാത്തല സംഗീതം പകര്‍ന്ന മികവിന്.
17. മികച്ച പിന്നണി ഗായകന്‍ (ആണ്‍) - വിദ്യാധരന്‍ മാസ്റ്റര്‍
ഗാനം - പതിരാണെന്നോര്‍ത്തൊരു കനവില്‍
ചിത്രം - ജനനം 1947 പ്രണയം തുടരുന്നു.
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രമേയത്തിന്റെ എല്ലാ വൈകാരിക ഭാവങ്ങളെയും ശബ്ദത്തിലേക്ക് ആവാഹിച്ച ആലാപന മികവിന്.
18. മികച്ച പിന്നണി ഗായിക (പെണ്‍) - ആന്‍ ആമി
ഗാനം - തിങ്കള്‍പ്പൂവിന്‍ ഇതളവള്‍
ചിത്രം - പാച്ചുവും അത്ഭുതവിളക്കും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഇമ്പമേറിയ ആലാപനശൈലിയിലൂടെ സിനിമയുടെ കഥാസന്ദര്‍ഭത്തെ സംഗീതാത്മകമായ ശ്രാവ്യാനുഭവമാക്കിയ മികവിന്.
19. മികച്ച ചിത്രസംയോജകന്‍ - സംഗീത് പ്രതാപ്
ചിത്രം - ലിറ്റില്‍ മിസ് റാവുത്തര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിന്.
20. മികച്ച കലാസംവിധായകന്‍ - മോഹന്‍ദാസ്
ചിത്രം - 2018 എവരിവണ്‍ ഈസ് എ ഹീറോ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രളയത്തിന്റെ കെടുതികളെ വിശ്വസനീയമായി പുനഃസൃഷ്ടിച്ചുകൊണ്ട് ഒരു ചലച്ചിത്രത്തിന്റെ നട്ടെല്ലായി നിലകൊണ്ട കലാസംവിധാന പാടവത്തിന്.
21. മികച്ച സിങ്ക് സൗണ്ട് - ഷമീര്‍ അഹമ്മദ്
ചിത്രം - ഒ. ബേബി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഏലത്തോട്ടത്തിന്റെ കഥാപശ്ചാത്തലത്തില്‍ രൂപം കൊള്ളുന്ന അതിസൂക്ഷ്മ ശബ്ദങ്ങളെയും സംഭാഷണങ്ങളെയും സ്പഷ്ടമായി ഒപ്പിയെടുത്ത തല്‍സമയ ശബ്ദലേഖന പാടവത്തിന്.
22. മികച്ച ശബ്ദമിശ്രണം - 1. റസൂല്‍ പൂക്കുട്ടി
2. ശരത് മോഹന്‍
ചിത്രം - ആടുജീവിതം
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
മരുഭൂമിയിലെ വിവിധ സ്ഥലകാലങ്ങളില്‍ നിന്നുള്ള ശബ്ദശകലങ്ങള്‍, സംഭാഷണം, സംഗീതം എന്നിവയുടെ കൃത്യമായ അളവിലും അനുപാതത്തിലുമുള്ള മിശ്രണം നിര്‍വഹിച്ചതിന്.
23. മികച്ച ശബ്ദരൂപകല്‍പ്പന - 1. ജയദേവന്‍ ചക്കാടത്ത്
2. അനില്‍ രാധാകൃഷ്ണന്‍
ചിത്രം - ഉള്ളൊഴുക്ക്
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
ചലച്ചിത്രം സൃഷ്ടിക്കുന്ന വൈകാരിക അന്തരീക്ഷത്തെ സന്തുലിതമായി നിലനിര്‍ത്തുന്ന ശബ്ദരൂപകല്‍പ്പനയ്ക്ക്
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ്
(ന്യൂബ് സിറസ്)
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപശ്ചാത്തലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് കൃത്യമായ വര്‍ണപരിചരണം നടത്തിയ വൈദഗ്ധ്യത്തിന്.
25. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വിവിധ കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ജീവിതസന്ദര്‍ഭങ്ങളെയും കടന്നുപോയ കാലത്തെയും കൃത്യമായി അടയാളപ്പെടുത്തിയ ചമയവൈദഗ്ധ്യത്തിന്.
26. മികച്ച വസ്ത്രാലങ്കാരം - ഫെമിന ജബ്ബാര്‍
ചിത്രം - ഒ.ബേബി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വേഷവിധാനത്തിലൂടെ കാലം, ദേശം, വര്‍ഗം എന്നിവ സുവ്യക്തമായി ആവിഷ്‌കരിച്ച വസ്ത്രാലങ്കാര മികവിന്.
27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - റോഷന്‍ മാത്യൂ
ചിത്രങ്ങള്‍ - ഉള്ളൊഴുക്ക്, വാലാട്ടി
കഥാപാത്രം - ''ഉള്ളൊഴുക്കി''ലെ രാജീവ് എന്ന കഥാപാത്രം,
''വാലാട്ടി''യിലെ ടോമി എന്ന നായ.
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു ചിത്രത്തില്‍ കാമുക കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ക്കും മറ്റൊന്നില്‍ ടോമി എന്ന നായയുടെ സ്വഭാവസവിശേഷതകള്‍ക്കും ഇണങ്ങുന്ന രീതിയില്‍ ശബ്ദം പകര്‍ന്ന മികവിന്.
28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - സുമംഗല
ചിത്രം - ജനനം 1947 പ്രണയം തുടരുന്നു
കഥാപാത്രം - ഗൗരി ടീച്ചര്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു വൃദ്ധ സ്ത്രീകഥാപാത്രത്തിന്റെ ആത്മ സംഘര്‍ഷങ്ങള്‍ക്ക് അനുഗുണമായ വിധം നിയന്ത്രിതവും സൂക്ഷ്മവുമായി ശബ്ദം പകര്‍ന്ന മികവിന്.
29. മികച്ച നൃത്തസംവിധാനം - ജിഷ്ണു
ചിത്രം - സുലൈഖ മന്‍സില്‍
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാസന്ദര്‍ഭത്തിന് തീര്‍ത്തും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പരമ്പരാഗത പശ്ചാത്തലത്തിന് ആധുനികമായ ചുവടുകളൊരുക്കിയ നൃത്ത സംവിധാന പാടവത്തിന്.
30. ജനപ്രീതിയും കലാമേന്മയുമുള്ള - ആടുജീവിതം
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്
നിര്‍മ്മാതാവ് - വിഷ്വല്‍ റൊമാന്‍സ്
സംവിധായകന്‍ - ബ്ലെസി
(നിര്‍മ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു സാഹിത്യകൃതിയുടെ ചലച്ചിത്രാവിഷ്‌കാരം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നിട്ടും കലാമൂല്യവും സാങ്കേതികത്തികവും നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്തതിന്.
31. മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ്
ചിത്രം - തടവ്
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നവാഗതരെ അണിനിരത്തിക്കൊണ്ട് വികാരതീക്ഷ്ണമായ ഒരു പ്രമേയത്തെ ലളിതമായും കൈയൊതുക്കത്തോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്.
32. മികച്ച കുട്ടികളുടെ ചിത്രം
നിലവാരമുള്ള എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കിയിട്ടില്ല.
33. മികച്ച വിഷ്വല്‍ എഫക്ട്‌സ് - 1. ആന്‍ഡ്രൂ ഡിക്രൂസ്
2. വിശാഖ് ബാബു
ചിത്രം -2018 എവരിവണ്‍ ഈസ് എ ഹീറോ
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
മഹാപ്രളയത്തിന്റെ ഭീതിജനകമായ കഥാന്തരീക്ഷത്തെ പുനഃസൃഷ്ടിച്ച യാഥാര്‍ത്ഥ്യ പ്രതീതിയുള്ള ദൃശ്യപ്രഭാവ നിര്‍മ്മിതിക്ക്.
34. സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ - ശാലിനി ഉഷാദേവി
വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക
അവാര്‍ഡ്
ചിത്രം - എന്നെന്നും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യന്റെ അനശ്വരതയെ സംബന്ധിച്ച ദാര്‍ശനികാന്വേഷണങ്ങളെ ഭാവിസൂചകമായ പ്രമേയത്തിലൂടെ അവതരിപ്പിച്ച സംവിധാന പാടവത്തിന്.
പ്രത്യേക ജൂറി അവാര്‍ഡ്
ചിത്രം - ഗഗനചാരി
നിര്‍മ്മാതാവ് - അജിത്കുമാര്‍ സുധാകരന്‍
സംവിധായകന്‍ - അരുണ്‍ ചന്ദു
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതവും)
പരീക്ഷണോന്മുഖമായ സമീപനത്തിലൂടെ ഭാവികാല പശ്ചാത്തലത്തിലുള്ള ഭാവനയെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിച്ച നൂതനമായ പരിശ്രമത്തിന്.
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
അഭിനയം - കൃഷ്ണന്‍
ചിത്രം - ജൈവം
(ശില്പവും പ്രശസ്തിപത്രവും)
വയോധികനായ ഗാന്ധിയന്റെ മനോവേദനകളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിന്.
അഭിനയം - കെ.ആര്‍.ഗോകുല്‍
ചിത്രം - ആടുജീവിതം
(ശില്പവും പ്രശസ്തിപത്രവും)
മരുഭൂമിയിലെ ദുരിതപൂര്‍ണമായ അതിജീവനശ്രമങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ച് പ്രധാന കഥാപാത്രത്തോടൊപ്പം തന്നെ മികവു പുലര്‍ത്തിയതിന്.
അഭിനയം - സുധി കോഴിക്കോട്
ചിത്രം - കാതല്‍ ദി കോര്‍
(ശില്പവും പ്രശസ്തിപത്രവും)
ഉള്ളിലൊതുക്കിയ ആത്മസംഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും നിശ്ശബ്ദവും നിയന്ത്രിതവുമായി പകര്‍ത്തിയ ഭാവാവിഷ്‌കാര മികവിന്