ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായി. ഞായറാഴ്ച ഉദയ്പൂരിലെ താജ് ലേക്ക് പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് പരിനീതി.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും നിരവധി മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വരെ, യുവസേനയുടെ ആദിത്യ താക്കറെ, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ്, സഞ്ജീവ് അറോറ തുടങ്ങി നിരവധി പേര്‍ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി രാജസ്ഥാനിലെത്തിയിരുന്നു. സാനിയ മിര്‍സ, ഹര്‍ഭജന്‍ സിംഗ്, മനിഷ് മല്‍ഹോത്ര തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.
അതേ സമയം പരിണീതിയുടെ കസിനും ഹോളിവുഡ് താരസുന്ദരിയുമായ പ്രിയങ്ക ചോപ്രയുടേയും കുടുംബത്തിന്റേയും അസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്ക വരാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ അമ്മ മധു ചോപ്ര.
വിവാഹചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയ മധു ചോപ്ര ഉദയ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജോലി തിരക്കുകള്‍ കാരണമാണ് പ്രിയങ്കയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് എന്നാണ് അമ്മ പറഞ്ഞത്. പ്രിയങ്ക എന്താണ് പരിണീതിക്ക് വിവാഹ സമ്മാനമായി നല്‍കിയത് എന്ന ചോദ്യത്തിന് അതെല്ലാം അവര്‍ വേണ്ടെന്നു വച്ചെന്നും കൊടുക്കലും വാങ്ങലുമൊന്നും ഉണ്ടായിരുന്നില്ല എന്നുമാണ് പറഞ്ഞത്.