ടർബോ ജോസിന്റെ കുതിപ്പ് തിയറ്ററുകളിൽ തുടരുന്നു. മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം 'ടർബോ' 70 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളിൽ ഈ സിനിമ കാണാൻ വൻതിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികൾ ടർബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞതായാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ 'ടർബോ'യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായി 'ടർബോ' മാറി. വെറും 8 ദിവസം കൊണ്ടാണ് മുൻപന്തിയിൽ ഉണ്ടായിരുന്ന 'മഞ്ഞുമ്മൽ ബോയ്‌സി'നെ 'ടർബോ' പിന്നിലാക്കിയത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും 'ടർബോ' സ്വന്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിലും 'ടർബോ'യുടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
2024 തുടങ്ങി ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുപത് സിനിമകളാണ് പട്ടികയിൽ ഉള്ളത്. അതിൽ ഒന്നാമത് ഉള്ളത് ആടുജീവിതം ആണ്. പൃഥ്വിരാജ്- ബ്ലെസി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം 79.3 കോടിയാണ് കേരളത്തിൽ നിന്നുമാത്രം നേടിയത്. ആഗോളതലത്തിൽ 150 കോടിയിലേറെയും നേടിയിരുന്നു. ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ് രണ്ടാം സ്ഥാനത്ത് 76.15 കോടിയാണ് പടത്തിന്റെ സംസ്ഥാന കളക്ഷൻ.