ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചു മലയാള സിനിമാ താരങ്ങള്‍. കേരളത്തിലെ തന്റെ മൂന്നാം തെരഞ്ഞെടുപ്പ് അങ്കത്തില്‍ വമ്പിച്ച ഭൂരിപക്ഷമാണ് സുരേഷ് ഗോപി നേടിയത്.
2016ലെ രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്. നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് വിജയാശംസ അറിയിച്ചത്. ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത് മലയാളത്തിലെ ഇതിഹാസങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പോസ്റ്റുകളാണ്.
ഒരുകാലത്ത് മലയാള സിനിമയിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന താരങ്ങളാണിവര്‍. പ്രിയ സുരേഷിന് അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം പ്രിയപ്പെട്ട സഹോദരന്‍ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം എന്നാണ് മമ്മൂട്ടി കുറിച്ചത്. ഇവര്‍ക്ക് പുറമേ ദിലീപ്, സലീംകുമാര്‍, ബിജുമേനോന്‍, ഉണ്ണിമുകുന്ദന്‍ എന്നിങ്ങനെ മലയാളസിനിമയിലെ ഒട്ടനേകം താരങ്ങളും നിയുക്ത തൃശ്ശൂര്‍ എംപിയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
സിനിമ താരം എന്ന നിലയില്‍ സുരേഷ് ഗോപി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങിയശേഷം നിരവധി പരിഹാസങ്ങളും വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 75079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് വിജയിച്ചത്.
കേരളത്തില്‍ നിന്നുള്ള ഏക എംപി എന്ന നിലയ്ക്ക് ബിജെപി നേതൃത്വം സുരേഷ് ഗോപിക്കായി കാത്തുവെച്ചത് എന്താണെന്ന് ഇനിയും പറയാനായിട്ടില്ല. എങ്കിലും കേന്ദ്ര മന്ത്രിസ്ഥാനം തന്നെ പ്രതീക്ഷിക്കാനാവുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.
അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡനാണ് സുരേഷ്‌ഗോപിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. വരാഹം ആണ് ഇനി വരാനിരിക്കുന്ന ചിത്രം. സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രമായ വരാഹം സംവിധാനം ചെയ്യുന്നത് സനല്‍ വിദേവനാണ്.