തീയേറ്ററുകൾ ആഘോഷമാക്കിയ മോഹൻലാൽ ചിത്രങ്ങളുടെ രണ്ടാം ഭാഗം കാത്തിരിക്കുന്നതിനേക്കാൾ ആകാംക്ഷയിലാണ് 'ബറോസിനായി മലയാളികൾ കാത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ഇതിനു പിന്നിൽ. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷ ആണ് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.
ബറോസ് ഡിസംബറില്‍ തിയറ്ററുകളിലെത്തും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മനോരമ ന്യൂസിനോട് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാന ഭാഗങ്ങൾ അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായി എന്നും ബാക്കിയുള്ള ജോലികൾ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുക ആണെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നത്. മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ബറോസ് ഈ വർഷം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.