ന്യൂഡൽഹി:നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി'യുടെ റിലീസ് മാറ്റിവെച്ചു. സർട്ടിഫിക്കേഷൻ ബോർഡിൽ നിന്ന് ചിത്രത്തിന് അനുമതി ലഭിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. സെപ്റ്റംബർ ആറിനായിരുന്നു ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്.അടിയന്താരവസ്ഥ പ്രമേയമാക്കിയാണ് ചിത്രം.
ചിത്രത്തിലെ ഭാഗങ്ങൾ വെട്ടിക്കുറയ്ക്കാൻ ഫിലിം ബോർഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ചിത്രത്തിനെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചതോടെയാണ് സിബിഎഫ്സിയുടെ നടപടി. ചിത്രത്തിൻ്റെ 'അൺകട്ട് വേർഷൻ' റിലീസ് ചെയ്യാനുള്ള വഴി തേടുകയാണെന്ന് താരം വെളിപ്പെടുത്തി. അതിനുവേണ്ടി കോടതിയിൽ പോരാടുമെന്നും അവർ ചൂണ്ടിക്കാട്ടി
.'എൻ്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ തനിക്ക് നിരാശയുണ്ട്.'- കങ്കണ പറഞ്ഞു. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്.
'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്.