സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്നുള്ള പരിക്കിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താനെന്നും പൃഥ്വിരാജ് കുറിച്ചു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടൻ പൃഥ്വിരാജിനു അപകടം സംഭവിച്ചത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പൃഥ്വിരാജിന്റെ കുറിപ്പ്:
‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ കഴിയുന്ന ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി-പൃഥ്വിരാജ് കുറിച്ചു.