കൊച്ചി: 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച വല്ല്യേട്ടൻ ഫോർ കെ ഡോൾബി അറ്റ്‌മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. 2000 ആഗസ്‌റ്റ് 31ന് പുറത്തിറങ്ങിയ ചിത്രം അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ 'വല്ല്യേട്ടൻ', റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.
ഇപ്പോഴിതാ മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.‘വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തിയറ്ററിലും ടിവിയിലുമൊക്കെ കണ്ടതാണ്. അതിനെക്കാള്‍ കൂടുതല്‍ ഭംഗിയോടുകൂടി, ശബ്ദദൃശ്യഭംഗിയോടുകൂടി വല്ല്യേട്ടന്‍ നിങ്ങളെ കാണാനെത്തുകയാണ്.’’–മമ്മൂട്ടിയുടെ വാക്കുകൾ.
അതേ സമയം സ്ഫടികത്തിന്റെ റീറിലീസിംഗ് വിജയമാണ് വല്യേട്ടൻ വീണ്ടും തിയേറ്ററിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ചതെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര പറയുന്നു. സ്ഫടികം തിയേറ്ററിൽ യുവാക്കൾ ഏറ്റെടുത്തത് അത്ഭുതത്തോടെയാണ് താൻ കണ്ടതെന്നും ബൈജു പറയുന്നു.
സ്ഫടികത്തിന്റെ ഹോർഡിംഗ് ബോർഡുകൾ പലയിടത്തും കണ്ടപ്പോൾ ഞാൻ ഷാജി കൈലാസിനെ വിളിച്ച് എന്താണ് കാര്യം എന്ന് തിരക്കുകയായിരുന്നു. സിനിമ 4K ഡോൾബിയിൽ കൺവേർട്ട് ചെയ്ത് വീണ്ടും ഇറക്കാനുള്ള പരിപാടിയാണെന്ന് ഷാജി പറഞ്ഞു. അതിന്റെ കാര്യങ്ങളെല്ലാം ഷാജിയോട് ചോദിച്ച് മനസിലാക്കി. സ്ഫടികം റീറിലീസ് ചെയ‌്തപ്പോൾ കൊല്ലം പ്രിയ തിയേറ്ററിൽ ഞാൻ പോയി കണ്ടു. ആദ്യം കണ്ട രീതിയിൽ നിന്ന് ഭയങ്കര വ്യത്യസ്തമായ രീതിയിലാണ് സിനിമ കാണപ്പെട്ടത്. മാത്രമല്ല യംഗ്സ‌്റ്റേഴ്‌സിന്റെ തിരക്കായിരുന്നു തിയേറ്ററിൽ. ഒരു പുതിയ പടം പോലെ അവർ നന്നായിട്ട് എൻജോയ് ചെയ്‌തു.തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ ഷാജിയെ വിളിച്ചു. വല്യേട്ടൻ എന്തുകൊണ്ട് ഇങ്ങനെ ചെയ‌്തുകൂടാ എന്നായിരുന്നു എന്റെ ചോദ്യം. ചെയ്യാമെന്ന് ഷാജിയും ഓകെ പറഞ്ഞു. ആക്ഷനോ ഹൊററോ അത്തരത്തിൽ കൺവേർട്ട് ചെയ്‌തിട്ടേ കാര്യമുള്ളൂവെന്ന് മനസിലായി. പലേരി മാണിക്യം പരാജയപ്പെട്ടത് അതുകൊണ്ടാണ്. അതൊന്നും 4Kയിലേക്ക് കൺവേർട്ട് ചെയ്യേണ്ടതായിരുന്നില്ല. വല്യേട്ടന്റെ നെഗറ്റീവ് നഷ്‌ടപ്പെട്ടിരുന്നെങ്കിലും ഹാർഡ് ഡിസ്കിൽ ശേഖരിച്ചുവച്ചിരുന്നത് കൊണ്ട് ഞങ്ങൾക്ക് ഭാഗ്യമുണ്ടായി എന്നും ബൈജു പറഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസൺ. ഡോൾബി അറ്റ്മോസ് മിക്സിങ് എം.ആർ. രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൗണ്ട് ഡിസൈനിങ്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ). ചിത്രത്തിന്റെ റീ-റിലീസ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിങ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിങ് ഏജൻസി.