Share this Article
ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ല; മക്കളുടെ കാര്യങ്ങൾ ഇനിയും അന്വേഷിക്കുമെന്നും നടൻ വിജയകുമാർ
വെബ് ടീം
posted on 05-07-2023
1 min read
ACTOR VIJAYAKUMAR REACTION ON DAUGHTER ARTHANAS VIDEO

ഇന്നലെ നടൻ വിജയകുമാറിന്റെ മകളും നടിയുമായ അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയും പരാതിയും കണ്ട ഞെട്ടലിലായിരുന്നു പലരും. വിജയകുമാർ മതിൽ ചാടി കടന്നെത്തുന്ന വീഡിയോ കണ്ടവർ പലരും ഉത്കണ്ഠപ്പെടുകയും ചെയ്തു. ഒടുവിൽ വിഡിയോയുടെ നിജസ്ഥിതി വിശദീകരിച്ച് നടൻ വിജയകുമാർ രംഗത്തെത്തി. ഇളയമകളായ മീഗൽ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനു ശേഷം ഫോൺ ചെയ്തിട്ട് ഭാര്യ ഫോൺ എടുത്തില്ല തുടർന്ന് മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയതെന്നാണ് വിജയകുമാറിന്റെ വിശദീകരണം.ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അർഥന കടന്നു വന്നതു കണ്ടപ്പോൾ അതിശയിച്ചു പോയെന്ന് വിജയകുമാർ പറയുന്നു. 

മകൾ കാനഡയിൽ പഠിക്കാൻ പോയി എന്നാണ് ഭാര്യ തന്നെ  ധരിപ്പിച്ചിരുന്നത്. മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പില്ല, പക്ഷേ അഭിനയിക്കാൻ പോകുന്നതിനു മുൻപ് തന്നോട് ചോദിച്ചാൽ ശരിതെറ്റുകൾ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും എന്നേ പറയാറുള്ളൂ.

 മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ പറഞ്ഞു. ഈ ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങൾ ഇനിയും അന്വേഷിക്കുമെന്നും അവർക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വിജയകുമാർ പറഞ്ഞു.

‘‘ഞാൻ കുറച്ചു ദിവസമായി ഷൂട്ടിങ്ങിന്റെ ആവശ്യമായി പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി എന്ന സ്ഥലത്താണ്. ‘ജനഗണമന’ എന്ന സിനിമ സംവിധാനം ചെയ്ത ഡിജോയുടെ സിനിമയാണ്. ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ നിർമാതാവ്. നിവിൻ പോളി ഒക്കെ ഇവിടെ ഉണ്ട്. ജൂലൈ മൂന്നും നാലും അഞ്ചും എനിക്ക് ഷൂട്ട് ഇല്ലാതെ ഇടവേള കിട്ടിയപ്പോൾ, ഞാൻ എന്റെ കുട്ടികളെ കാണാൻ പോയതാണ്. അർഥനയുടെ ഇളയവളായ മീഗൽ പ്ലസ് ടു പാസ് ആയി. മോള്‍ അടുത്തതായി എന്താണു പഠിക്കാൻ പോകുന്നത്, എവിടെയാണ് ചേരാൻ ഉദ്ദേശിക്കുന്നത് എന്നൊക്കെ അറിയാനായി ഫോൺ ചെയ്‌തെങ്കിലും എനിക്ക് അവരെയാരെയും കിട്ടിയില്ല. ഞാൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ തീരുമാനിച്ചത്. ലിസ്റ്റിൻ സ്റ്റീഫനിൽനിന്ന് കുറച്ചു പണം വാങ്ങി മകളുടെ ആവശ്യത്തിനായി ഭാര്യ ബിനുവിന്റെ ഉള്ളൂർ കാനറാ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തു. അതിന്റെ തെളിവ് ഞാൻ നിങ്ങൾക്കു തരാം. ഈ പണം കിട്ടിയോ എന്നും എനിക്ക് അവരോടു ചോദിക്കണമായിരുന്നു.

ഇതെല്ലാം അറിയാനായി ഞാൻ ഫോൺ വിളിച്ചിട്ട് ഇവർ എടുക്കുന്നില്ല. അങ്ങനെ ഞാൻ ലിസ്റ്റിനോടു പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു. ഉള്ളൂർ ബാങ്കിൽ പോയി പണം ക്രെഡിറ്റ് ആയോ എന്ന് ചോദിച്ചപ്പോൾ ബാങ്ക് മാനേജർ ക്രെഡിറ്റ് ആയിട്ടുണ്ട് എന്ന് പറഞ്ഞു. രണ്ടായിട്ടാണ് പണം അയച്ചത്. ഇവരെ ഫോണിൽ കിട്ടാത്തത് കൊണ്ട് ഞാൻ അവരുടെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. ഇളയ മകൾ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോൾ അവൾ, ‘മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ്’ എന്നുപറഞ്ഞു പോയി. അവൾ ഗേറ്റ് തുറന്നു തന്നിരുന്നു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ വീടിന്റെ വാതിൽ തുറക്കുന്നില്ല. ജനാല വഴി ആണ് അവരോടു സംസാരിച്ചത്.

ഇളയ മകളോട് കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ എന്റെ മൂത്ത മകൾ അർഥന ഇറങ്ങി വന്നു. അർഥന കാനഡയിലാണ് എന്നാണ് എന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നത്. ഞാൻ അവളെ കണ്ട് ‘നീ ഇവിടെ ഉണ്ടായിരുന്നോ മോളെ’ എന്ന് ചോദിച്ചു. അവരുടെ അമ്മൂമ്മ അകത്ത് ഇരിപ്പുണ്ട്. ഞാൻ ചോദിച്ചു ‘പണം അയച്ചിട്ടുണ്ട് കിട്ടിയോ?’ അവർ പറഞ്ഞു തങ്ങൾക്ക് അറിയില്ലെന്ന്.

എന്റെ അനുവാദം ഇല്ലാതെ മകളെ കാനഡയിൽ അയച്ചതിനു ഞാൻ ശ്രീകാര്യം പൊലീസിൽ ഒരു പരാതി കൊടുത്തിരുന്നു. സിഐ പറഞ്ഞു, വിളിച്ച് അന്വേഷിക്കാം എന്ന്. അന്വേഷിച്ചപ്പോൾ പഠിക്കാനാണ് പോയതെന്നാണ് അറിഞ്ഞത്. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് മകൾ എവിടെ എന്ന് അറിയേണ്ട അവകാശം ഉണ്ടായിരുന്നു.

ഒരു വർഷം കഴിഞ്ഞു ഞാൻ അറിഞ്ഞത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിൽ അവൾ അഭിനയിച്ചു എന്നാണ്. കാനഡയിൽ ഉള്ള മകൾ എങ്ങനെ ഇവിടെ സിനിമയിൽ അഭിനയിച്ചു എന്നോർത്തു ഞാൻ ഞെട്ടിപ്പോയി. എന്നെ രണ്ടു പടങ്ങളിൽ നിന്ന് മാറ്റി നിർത്തിയ, എന്നോട് ദേഷ്യമുള്ള ഒരാൾ ആ സിനിമയിൽ വർക്ക് െചയ്തിട്ടുണ്ട്. കാപ്പ എന്ന സിനിമയിൽനിന്നും ഇയാൾ എന്നെ കട്ട് ചെയ്തിരുന്നു. എന്റെ ശത്രുക്കളുടെ പടത്തിൽ പോയി മകൾ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ഒരു അച്ഛൻ ടെൻഷനിൽ ആകും. ഈ മകളെ ആണ് ഒരു വർഷം കഴിഞ്ഞ് ഈ വീട്ടിൽ ഞാൻ കണ്ടത്. ഞാൻ ചോദിച്ചു ‘‘മോളെ നീ ഇവിടെ ഉണ്ടായിരുന്നോ, നീ സിനിമയിൽ അഭിനയിക്കാൻ പോയോ’’. അവൾ പറഞ്ഞു, ‘‘എനിക്ക് ഇഷ്ടമുള്ള സിനിമയിൽ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട’’ എന്ന്. ഇത്രയും പറഞ്ഞ ശേഷം എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അവൾ എന്നോട് പറഞ്ഞത് മുഴുവനും ഞാൻ ഇവിടെ പറയുന്നില്ല. എനിക്കു പിറ്റേന്ന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ഞാൻ അവിടെനിന്ന് പെട്ടെന്നു തന്നെ പോയി. കേസുകൾ നിലനിൽക്കുന്നുണ്ട് എന്നതൊക്കെ ശരിയാണ്, പക്ഷേ ഞാൻ അവിടെ പ്രശ്നം ഉണ്ടാക്കാൻ പോയതല്ല. എന്റെ മക്കളെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും പോയതാണ്. ഈ കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റി സംസാരിക്കാൻ ഇടയാക്കിയത് ഇങ്ങനെ വിഡിയോ എടുത്ത് ഇടാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല.

പണ്ടൊക്കെ നമുക്ക് മക്കളോട് വല്ലതും ചോദിക്കാനും ശകാരിക്കാനും അർഹത ഉണ്ടായിരുന്നു. അത് അവർ അനുസരിക്കും. ഇപ്പോഴത്തെ കുട്ടികൾ അച്ഛൻ വഴക്ക് പറഞ്ഞാൽ പോലും അതും വിഡിയോ എടുത്തിടും. ഇങ്ങനെത്തെ മുട്ടാപ്പോക്ക് ഒക്കെ കാണിച്ച് വിഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ വൈറൽ ആയെന്നു കരുതി പേടിച്ചു പോകുന്ന ആളല്ല ഞാൻ. എനിക്ക് ആകെ രണ്ടു കുട്ടികളെ ഉള്ളൂ, വേറെ ആരും ഇല്ല അവരുടെ കാര്യങ്ങൾ എനിക്ക് അറിഞ്ഞേ മതിയാകൂ. 2006 ൽ മുതൽ എനിക്കെതിരെ പല കേസുകളും ഉണ്ടായി. അതൊക്കെ തരണം ചെയ്താണ് ഞാൻ ഇങ്ങനെ മുന്നോട്ടു പോകുന്നത്.

ഞാനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അസാന്നിധ്യത്തിൽ അവർക്ക് അനുകൂലമായി വിധി വന്നു. പക്ഷേ ഞാൻ അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് കൊടുത്ത കേസ് നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കൾ, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാകൂ. അർഥന, ‘മുദ്ദുഗൗ’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഞാൻ ഡിജിപി സെൻകുമാർ സാറിന്റടുത്ത് പരാതിയുമായി പോയിട്ടുണ്ട്. കുട്ടികൾ സിനിമയിൽ അഭിനയിക്കരുത് എന്നല്ല, പക്ഷേ ഏതു പ്രോജക്റ്റ്, ആരുടെ പ്രോജക്ട് എന്നുള്ളത് എനിക്കും കൂടി അറിയണം. അച്ഛനോട് പറയുക എന്നുള്ളത് ഒരു നാട്ടുനടപ്പല്ലേ. മുപ്പതു വർഷത്തിലേറെ ആയി സിനിമയിൽ നിൽക്കുന്ന എനിക്ക് ആരാണ് ശരി, ആരാണ് ശരിയല്ലാത്തത് എന്നു നന്നായി അറിയാം.

ഈ കുട്ടികൾ ഇങ്ങനെ ഞാൻ അറിയാതെ പലവഴിക്ക് പോയി നാളെ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് സമാധാനം പറയുക. എന്റെ ഭാഗത്ത് നിന്നും ഒരു കരുതൽ കുട്ടികൾക്ക് ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. എന്നോട് പറയുകയോ ചോദിക്കുകയോ ചെയ്തുകൂടെ എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ. എന്റെ ശത്രുക്കളുടെ അടുത്ത് പോയിട്ട് നാളെ അവർക്ക് എന്തെങ്കിലും സംഭവിക്കില്ല എന്നതിന് എന്താണ് ഉറപ്പ്. ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും എല്ലാവരും കാണുന്നുണ്ട്. ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചിട്ട് പിടിപ്പിക്കുക അങ്ങനെ എന്തെല്ലാം നമ്മൾ കേൾക്കുന്നു. എന്റെ മക്കളുടെ സുരക്ഷയാണ് എനിക്ക് പ്രധാനം. അതാണ് ഞാൻ അവരുടെ കാര്യങ്ങളിൽ ഇടപെടുന്നത്.

അവിടെ പോയത് അപരാധം ആണെന്ന് ആരും പറയില്ല. എന്റെ പൊന്നുമോൾ അവളുടെ പ്രായത്തിന്റെ പക്വതക്കുറവു കൊണ്ട് എന്തൊക്കെയോ പറയുകയാണ്. അവൾക്ക് കുറച്ചുകൂടി പക്വത വരുമ്പോൾ അച്ഛൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലാകും. ഞാനും എന്റെ ഭാര്യയും കല്യാണം കഴിച്ച് ഒരുമിച്ച് ജീവിച്ച വീടാണ് അത്. അവിടെ ഞാൻ അതിക്രമിച്ച് കയറി എന്നൊക്കെ എന്തിനാണ്‌ പറയുന്നത്. മക്കളുടെ കാര്യത്തിൽ ഇടപെടുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും അവരുടെ കാര്യങ്ങൾക്ക് ഞാൻ ഉണ്ടാകും. മകൾ സിനിമയിൽ അഭിനയിക്കുന്നത് എന്നോട് ചോദിച്ചിട്ടു വേണം എന്നു പറഞ്ഞതുമുതൽ മുതൽ ഞാൻ അവരുടെ ശത്രുവാണ്. സിനിമ മോശം ആണെന്ന് ഞാൻ പറയില്ല, പക്ഷേ എന്നോട് കാര്യങ്ങൾ പറഞ്ഞാൽ നല്ലതും ചീത്തയും മനസ്സിലാക്കിക്കൊടുക്കാൻ കഴിയും. അവർ എന്നെ എത്ര തള്ളിപ്പറഞ്ഞാലും എന്റെ മക്കളെ എനിക്ക് തള്ളിക്കളയാൻ കഴിയില്ല.

അവരുടെ കാര്യങ്ങൾക്കെല്ലാം ഞാൻ പണം അയച്ചുകൊടുക്കാറുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങൾക്കെല്ലാം തെളിവുണ്ട്. ബാങ്കിൽ വിളിച്ചു ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. കുട്ടികൾ അറിയാത്ത പ്രായത്തിൽ പലതും പറയും. അത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ അവരുടെ എല്ലാ കാര്യങ്ങളും ഇനിയും ഞാൻ ശ്രദ്ധിക്കും. ഞാൻ പറയുന്നതാണ് സത്യം. എന്റെ മക്കളുടെ കാര്യത്തിൽ എനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല, പക്ഷേ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. അതാണ് ഞാൻ ഇതൊക്കെ പറയുന്നത്. ആരൊക്കെ തള്ളിപ്പറയാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എന്നോട് ഇഷ്ടമുണ്ട്. ഈ വർഷം ആറു സിനിമയിൽ ഞാൻ അഭിനയിച്ചു. എന്റെ കുട്ടികൾക്ക് കൂടി വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നത്. അവർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അത് അവർക്ക് എന്നെങ്കിലും മനസ്സിലാകുമെന്നും വിജയകുമാർ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories