മലയാള സിനിമയ്ക്ക് അത്ഭുത സ്പര്‍ശം നല്‍കിയ സംവിധായകന്‍ ഭരതന്‍ വിട പറഞ്ഞിട്ട് ഇന്ന് 25 വര്‍ഷം. 1998 ജൂലൈയില്‍ ഇതേ ദിവസമാണ് മലയാള സിനിമയെ പുതുചന്തത്തില്‍ അണയിച്ചൊരുക്കിയ മഹാ പ്രതിഭ ദൃശ്യങ്ങള്‍ക്കപ്പുറമുള്ള ലോകത്തേക്ക് യാത്രയായത്.
പുതിയതും അപൂര്‍വ്വവുമായ സൗന്ദര്യവും മുഖവുമാണ് ഭരതന്‍ ടച്ച് എന്നറിയപ്പെട്ട ആ മാന്ത്രിക സ്പര്‍ശത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്. 1975ല്‍ പ്രയാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് വരവറിയിച്ച ഭരതന്‍ പിന്നീട് മലയാളത്തിന് സമ്മാനിച്ചത് ഒരുപിടി അമൂല്യമായ സിനിമകളാണ്. നിറക്കൂട്ടുകള്‍ ചാര്‍ത്തിയ ചിത്രങ്ങളായിരുന്നു ഭരതന്റെ ഓരോ സിനിമകളും.
മികച്ച ചിത്രകാരനായിരുന്ന അദ്ദേഹം ഓരോ ഫ്രെയിമുകളെയും ഒരുക്കിയത് ഒരു മനോഹരമായ ചിത്രം പോലെയായിരുന്നു. പത്മരാജനൊപ്പം ചേര്‍ന്നപ്പോള്‍ പിറന്നത് പുതുചരിത്രം. 1978 ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു.
റയില്‍പ്പാളത്തിലൂടെ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഓടുന്ന തകരയുടെ മുഖം വേദനയോടെ അല്ലാതെ എങ്ങനെ ഓര്‍ക്കാന്‍ കഴിയും. വൈശാലി എന്ന മലയാളത്തിലെ ഏറ്റവും വലിയ മാസ്റ്റര്‍പീസ് ഭരതന്‍ അല്ലാതെ മറ്റൊരാള്‍ക്കും ഒരുക്കാന്‍ കഴിയില്ല.
ഒരു മഹാകാവ്യം പോലെ മനോഹരം. ചാമരം,കാതോട് കാതോരം, തകര,പാളങ്ങള്‍ മര്‍മ്മരം,അമരം താഴ്വാവാരം,അങ്ങനെ എത്രയെത്ര ചിത്രങ്ങളിലൂടെ ഭരതന്‍ ടെച്ചിന്റെ മാസ്മരികത മലയാളി അറിഞ്ഞു.
ഭരതന് ഭാഷ ഒരു തടസമായിരുന്നില്ല. തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, കമലഹാസന്‍ എന്നിവരെ അച്ഛനും മകനുമാക്കി സംവിധാനം ചെയ്ത തേവര്‍മകന്‍ കോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഭരതന്റെ പ്രതിഭ.
കലാസംവിധാനം,സംഗീത സംവിധാനം,ഗാനരചന,എഡിറ്റിംഗ് അങ്ങനെ അദ്ദേഹത്തിന്റെ വിരല്‍സ്പര്‍ശം എല്‍ക്കാത്ത മേഖലകള്‍ മലയാള സിനിമയില്‍ ഇല്ലായെന്ന് പറയാം. കേളിയിലെ താരം വാല്‍ക്കണ്ണടി നോക്കി, കാതോട് കാതോരം എന്ന ചിത്രത്തിലെ കാതോട് കാതോരം എന്നി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ സംഗീതം ഒരുക്കിയത് അദ്ദേഹമായിരുന്നു.
ദിവ്യ ഉണ്ണി, മനോജ് കെ. ജയന്‍ എന്നിവരെ നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ചുരം ആയിരുന്നു ഭരതന്റെ അവസാന ചിത്രം. ഭരതനെപ്പോലെ മലയാള സിനിമയ്ക്ക് ഭരതന്‍ മാത്രമേയുള്ളൂ. ആ ഓര്‍മ്മകള്‍ എന്നും ചാമരം വീശി സിനിമ പ്രേമികളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.