വടകര: സിനിമാ മേഖലയിലെ പ്രശ്നങ്ങളെ പൊതുവേദിയിൽ പരാമർശിച്ച് നടി പത്മപ്രിയ.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി. ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്ന് നടി പറഞ്ഞു. സിനിമയിൽ പുരുഷ മേധാവിത്തമാണെന്നും പത്മപ്രിയ പറഞ്ഞു. മടപ്പള്ളി കോളജിൽ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തവെയാണ് സിനിമയിലെ ദുരനുഭവങ്ങൾ നടി തുറന്നു പറഞ്ഞത്.
‘‘മൃഗം സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ അടിച്ചത്. എന്നാൽ വാർത്തകൾ പ്രചരിച്ചത് ഞാൻ സംവിധായകനെ അടിച്ചു എന്നാണ്. ആ സിനിമയിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാർഡ് കിട്ടി. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥകൾക്ക് മാത്രമാണ് പ്രാധാന്യം. ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല.ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ല. ടെക്‌നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം നൽകുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ട്’’– നടി വ്യക്തമാക്കി.
ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിനു പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്തു വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണമെന്നും അവർ പറഞ്ഞു.