നിറഞ്ഞ സദസ്സിന് മുൻപിൽ ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. സിനിമാതാരം പ്രകാശ് രാജ് മുഖ്യാതിഥിയായി. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
സിനിമ ആസ്വാദനത്തിന്റെ എട്ട് ദിനരാത്രങ്ങൾക്ക് തിരശീലയിട്ട് ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവസാനിച്ചത് നിറഞ്ഞ കയ്യടികളോടെയാണ്. ‘വിൻസ് ഓഫ് റിഥം’ എന്ന സംഗീത പരിപാടിയോടുകൂടിയാണ് സമാപന പരിപാടിക്ക് തുടക്കമായത്. തുടർന്ന് ആശംസാപ്രസംഗം നേരാനെത്തിയ ചെയർമാൻ രഞ്ജിത്തിനെ സദസ്സ് കൂവലുകളോടെ സ്വീകരിച്ചു . എന്നാൽ ഐ എഫ് എഫ് കെ സംഘാടകരെ വേദിയിലേക്ക് ക്ഷണിച്ച് രഞ്ജിത്, കൂവലുകൾ കയ്യടിളാക്കി മാറ്റുകയായിരുന്നു.
തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്, എന്നാൽ കല രാഷ്ട്രീയത്തിനും അധീതമാണെന്ന് സനൂസി പറഞ്ഞു.
വലിയ കരഘോഷത്തോടെയാണ് സിനിമാതാരം പ്രകാശ് രാജിനെ സദസ്സ് സ്വീകരിച്ചത്. പാർലമെന്റിൽ നടന്ന പ്രതിഷേധത്തെക്കുറിച്ചും മണിപ്പൂരിലെ പ്രശ്നത്തെക്കുറിച്ചും പ്രകാശ് രാജ് ഐഎഫ്എഫ്കെ വേദിയിൽ സംസാരിച്ചു.സമാപനവേദിയിൽ വെച്ച് ക്യൂബൻ സിനിമ പ്രതിനിധികളെ ആദരിച്ചു. തർക്കങ്ങൾ നിലനിൽക്കുമ്പോഴും ചലച്ചിത്രമേളയുടെ നിറം കെട്ടുപോകുന്നില്ലെന്ന് തെളിയിക്കുന്ന നിറഞ്ഞ സദസ്സാണ് എന്നും മേളയുടെ വിജയം. ഇത്തവണയും അതിന് മാറ്റമില്ല. ഇനി 2024 ഡിസംബറിലെ രണ്ടാം വെള്ളിയാഴ്‌ചക്കുള്ള കാത്തിരിപ്പാണ്. അടുത്ത ചലച്ചിത്രമേളക്കായുള്ള കാത്തിരിപ്പ്..