വിവാദം തുടര്‍ന്ന് കങ്കണ ചിത്രം എമര്‍ജന്‍സി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന് ഇനിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും തനിക്കും സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും വധഭീഷണിയുണ്ടെന്നും കങ്കണ എക്‌സിലൂടെ പ്രതികരിച്ചു.
ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായ എമര്‍ജന്‍സി സെപ്റ്റംബര്‍ 6ന് റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത് സത്യമല്ലാ.
ചിത്രം റിലീസിന് തയ്യാറായിരുന്നങ്കിലും നിരവധി ഭീഷണികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നടിയും എംപിയുമായ കങ്കണ എക്‌സിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.
തനിക്കൊപ്പം സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും വധഭീഷണിയുണ്ട്. ഇന്ദിരാഗാന്ധി വധത്തേക്കുറിച്ചും പഞ്ചാബ് കലാപത്തെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്. പിന്നെ വേറെന്താണ് പരാമര്‍ശിക്കുകയെന്നും നിലവിലെ അവസ്ഥ രാജ്യത്ത് തുടരുന്നതില്‍ ക്ഷമ ചോദിക്കുന്നവെന്നും കങ്കണ പറഞ്ഞു.
നിരവധി സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തുള്ളത്. ചിത്രം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സിഖ് സംഘടനയായ ശിരോമണി അകാലിദളിന്റെ വാദം. ഇതു ചൂണ്ടിക്കാട്ടി സംഘടന സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ചിത്രം സിഖ് വിരുദ്ധത പ്രചരിപ്പിക്കുമെന്നും സിഖുകാരെ വിഘടനവാദികളായി ചിത്രീകരിക്കുമെന്നും അതിനാല്‍ ചിത്രം റിലീസിനനുവദിക്കരുതെന്നുമാണ് മറ്റൊരു സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ ആവശ്യം.