Share this Article
image
ബോക്സ് ഓഫീസിലും ടർബോ തരംഗം; അൻപതുകോടി ക്ലബിൽ
വെബ് ടീം
posted on 27-05-2024
1 min read
turbo-movie-in-50-crore-club-producers-released-official-collection

ബോക്സ് ഓഫീസിനും പിടിച്ചു നിർത്താനാവാതെ ടർബോ ജോസും സംഘവും. തിയറ്ററുകളിൽ ജോസേട്ടായിയെ കാണാൻ ആരാധകർ ഓടിയെത്തുകയാണ്. ചിത്രം അൻപതുകോടി ക്ലബിൽ ഇടംപിടിച്ചു. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ ഈ വർഷം അമ്പതുകോടി ക്ലബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമായും ടർബോ മാറി.

ഈ മാസം 23-നാണ് മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത ടർബോ തിയേറ്ററുകളിലെത്തിയത്. വമ്പൻ ചെയ്സ് രം​ഗങ്ങളും ആക്ഷൻ രം​ഗങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത. റിലീസ് ചെയ്ത് നാലുദിവസംകൊണ്ടാണ് ചിത്രം അൻപതുകോടി ക്ലബിൽ പ്രവേശിച്ചിരിക്കുന്നത്. 52.11 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദി എന്നുപറഞ്ഞുകൊണ്ടാണ് ചിത്രത്തേക്കുറിച്ചുള്ള പുതിയ സന്തോഷവാർത്ത നിർമാതാക്കൾ പങ്കുവെച്ചത്.

ഭ്രമയു​ഗത്തിന് ശേഷം ഈ വർഷം അൻപതുകോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. 17.3 കോടിയാണ് ചിത്രത്തിന്റെ ആദ്യദിവസത്തെ ആ​ഗോള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫീനിക്സ് പ്രഭുവാണ് സംഘട്ടനസംവിധായകൻ.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories