ബിഗ് ബജറ്റിൽ ഒരുക്കി സൂപ്പർഹിറ്റ് ആവുന്ന ചിത്രങ്ങളിലെ അഭിനയിക്കുന്നവരുടെ പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ വേഷഭൂഷാദികൾ തേടി ആരാധകർ കടകളിലേക്ക് ഓടാറുണ്ട്. പരമ്പര സിനിമ ഇറങ്ങിയപ്പോൾ മമ്മുട്ടിയുടെ ഷർട്ടിന് അത്രയ്ക്കും ഡിമാൻഡ് ഉണ്ടായിരുന്നു. ഇപ്പോഴും അതിന് കുറവില്ല. കടകളെക്കാൾ കൂടുതൽ ഇപ്പോൾ ഓൺലൈനിലാണ് തിരച്ചിൽ എന്ന് മാത്രം വ്യത്യാസം. പാൻ ഇന്ത്യ നടന്മാരുടെ ലുക്കും സ്റ്റൈൽസും വസ്ത്രധാരണവും ഓർണമെൻസും ഒക്കെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ശ്രദ്ധനേടുന്ന സാധനങ്ങൾ തേടി ഓൺലൈനിൽ സൈറ്റിൽ എത്തുന്ന ആരാധകരും സർവ്വസാധാരണമാണ്. അത്തരത്തിലൊരു ചെരുപ്പ് തേടിയാണ് ഇത്തവണ മലയാളികൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സമീപിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ ടർബോ ചിത്രത്തിലെ ചെരുപ്പാണ് ഇത്. ജോസ് എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി ധരിച്ചിരിക്കുന്നതാണ് ഈ ചെരുപ്പ്. ട്രെയിലർ വന്നതിന് പിന്നാലെയാണ് ഇക്കാര്യം ആരാധക ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലുള്ള ഈ ചെരുപ്പ് ബിർക്കൻസ്റ്റോക്ക് എന്ന ബ്രാന്‍ഡിന്‍റെ tatacoa men എന്ന മോഡല്‍ ആണ്. ഈ മോഡലിലെ മുപ്പത്തി രണ്ടായിരം രൂപ വരെ വിലയുള്ള ചെരുപ്പുകൾ അവൈലബിൾ ആണ്. ടർബോയിൽ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വില 13,990 രൂപയാണ്.
ഈ മാസം 23ന് ആണ് ടർബോ റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴും യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതായി തുടരുകയാണ്. രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരുടെയും ആദ്യ മലയാള സിനിമ കൂടിയാണിത്.