മരണത്തിനു മുന്നിലും തോല്‍ക്കാത്ത ഇതിഹാസ നായകന്‍ ജയന്റെ ഓര്‍മകള്‍ക്ക് ഇന്ന് നാല്‍പ്പത്തി മൂന്ന് വയസ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായ ജയന്‍ ഇന്നും മലയാള സിനിമയില്‍ മരിക്കാത്ത ഓര്‍മയാണ്. സാഹസികതയും പൗരുഷവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് നടന വിസ്മയം തീര്‍ത്ത അതുല്യ കലാകാരനാണ് ജയന്‍.വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടോയെന്നത് സംശയമാണ്. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ തിരുത്തികുറിച്ചുകൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയുടെ കരുത്തുറ്റ പ്രതിഭ കുറഞ്ഞ നേരം കൊണ്ടാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്.
1939 ല്‍ കൊല്ലം ജില്ലായിലാണ് ജയന്റെ ജനനം. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന ജയന്‍ 1974ല്‍ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്കെത്തുന്നത്. നാവികസേനയുടെ അവസാനത്തോടെ കൊച്ചിയില്‍ ഡ്രൈ ക്ലീനിംഗ് കടയുടമയും നടനുമായ ജോസ് പ്രകാശിന്റെ മകന്‍ രാജന്‍ പ്രകാശുമായുള്ള കൂടിക്കാഴ്ചയാണ് ജയനെ ശാപമോക്ഷം സിനിമയിലേക്കെത്തിച്ചത്. പിന്നീട് ഇന്ത്യന്‍ നേവി വിട്ട് അഭിനയ ജീവിതം വിജയിക്കാന്‍ തുടങ്ങുന്നതുവരെ കൊച്ചിയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്ന് ജയന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് 1976 ല്‍ പുറത്തിറങ്ങിയ പഞ്ചമിയിലൂടെയാണ്. ബെല്‍ബോട്ടം പാന്റെും, കൂളിങ് ഗ്ലാസും, ഹെയര്‍സ്റ്റൈലും ചെറുപ്പക്കാരുടെ ഹരമായി മാറിയതും ജയന്റെ വരവോടെയാണ്. അന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ മാറ്റമാണ് ജയന്‍ സൃഷ്ടിച്ചത്.
തച്ചോളി അമ്പു, ശ്രീകുമാരന്‍ തമ്പിയുടെ ഏതോ സ്വപ്‌നം, തുടങ്ങി നിരവധി ചിത്രങ്ങള്‍ ജയന് നിരവധി പ്രശംസ നേടികൊടുക്കുകയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തു. എന്നാല്‍ ജയനെന്ന സൂപ്പര്‍ സ്റ്റാര്‍ പദവി ശരപഞ്ജരത്തിലൂടെ നേടികൊടുത്തു. മലയാള സിനിമയുടെ എക്കാലത്തേയും ആക്ഷന്‍ ഹീറോയായി ജയന്‍ മാറുകയായിരുന്നു. തുടര്‍ന്ന് 1981 ല്‍ റിലീസ് ചെയ്ത കോളിളക്കമാണ് ജയന്റെ അവസാന ചിത്രം.
ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവില്‍ ജയനെ കീഴ്‌പെടുത്തിയത് കോളിളക്കത്തിലൂടെയാണ്. സംഘട്ടന രംഗങ്ങള്‍ക്ക് ഡ്യൂപ്പ് ഉപയോഗിക്കാതെ സ്വന്തമായി ചെയ്യുകയും ഹെലിക്കോപ്റ്ററില്‍ നിന്ന് വീണ് മരണം സംഭവിക്കുകയായിരുന്നു. വിടപറഞ്ഞിട്ട് 43 വര്‍ഷം പിന്നിടുമ്പോഴും ഇന്നും മലയാളി പ്രേക്ഷക മനസ്സില്‍ കെടാത്ത സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുകയാണ് ജയന്.