ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ കാന്താരയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള 2022-ലെ ദേശീയപുരസ്‌കാരം ലഭിച്ചു.മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ജൂറി അംഗം എം.ബി പദ്മകുമാർ വെളിപ്പെടുത്തുന്നു. പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും മലയാളത്തിന് വലിയൊരു പുരസ്കാരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2022ലെ സിനിമകളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
2022ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്കായിരുന്നു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങി ആ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളൊന്നും കേന്ദ്ര ജൂറിയുടെ പരിഗണനയില്‍ വന്നിട്ടില്ല.
സിനിമ സ്‌ക്രീന്‍ ചെയ്ത് അയക്കേണ്ട ദക്ഷിണേന്ത്യന്‍ പ്രാദേശിക ജൂറി മമ്മൂട്ടിയുടെ സിനിമകള്‍ അയച്ചിരുന്നില്ലെന്ന് കേന്ദ്ര ജൂറി വ്യക്തമാക്കി. രണ്ടു സമിതികളായിരുന്നു ദക്ഷിണേന്ത്യന്‍ സിനിമകള്‍ പരിശോധിക്കാനായി ഉണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയര്‍മാനായുള്ള സമിതിയില്‍ രവീന്ദര്‍, മുര്‍ത്താസ അലിഖാന്‍, മലയാളികളായ എം.ബി പത്മകുമാര്‍, സന്തോഷ് ദാമോദരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബാലു സലൂജ ചെയര്‍മാനായുള്ള രണ്ടാം സമിതിയില്‍ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങള്‍.
അതേ സമയം മികച്ച സാങ്കേതിക മേന്മയുള്ള ചിത്രങ്ങളാണ് ദക്ഷിണേന്ത്യയിൽ നിന്നെത്തിയതെന്ന് ജൂറി അംഗം ആന്‍മോള്‍ ബാവെ പറഞ്ഞു. ബ്രഹ്മാസ്ത്രം, പൊന്നിയില്‍ സെല്‍വൻ തുടങ്ങിയവ അതിശയിപ്പിക്കുന്ന സിനിമകളാണെന്നും മലയാള ചിത്രം ആട്ടം ഗംഭീര സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ജൂറി അയയ്ക്കാത്തതു കൊണ്ടാവാം മമ്മൂട്ടിയുടെ സിനിമകള്‍ കാണാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അവാർഡുകളാണ് മലയാള ചിത്രമായ ആട്ടം സ്വന്തമാക്കിയത്. അതേസമയം മികച്ച മലയാള ചലച്ചിത്രമായി സൗദി വെള്ളക്കയെ തിരഞ്ഞെടുത്തു. സിനിമയിലെ ഗാനത്തിന് ബോബൈ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.