73ാം പിറന്നാള്‍ നിറവില്‍ തലൈവര്‍. ഈ പ്രായത്തിലും 170ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്ത്. ബിഗ് ബി അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിനുള്ള കാത്തിരിപ്പില്‍ ആരാധകരുടെ ആശംസകളും നിറയുന്നു.
ഈ ഡയലോഗ് എന്തുകൊണ്ട് രജനികാന്തിന് അനുയോജ്യം. എത്ര ലേറ്റായി വന്നാലും ആരാധകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും. ഇന്ത്യന്‍ സിനിമയുടെ ചരിത്രമെടുത്താല്‍ തമിഴകത്തിന്റെ തലൈവര്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു താരമുണ്ടാകില്ല. വില്ലനില്‍ തുടങ്ങി സഹനടന്‍, നടന്‍, സ്റ്റൈല്‍ മന്നന്‍, സൂപ്പര്‍സ്റ്റാര്‍, എന്നിങ്ങനെ ഒരു ജനതയുടെ മനസില്‍ തലൈവര്‍ എന്ന വിശേഷണത്തില്‍ എത്തിനില്‍ക്കുന്നു ആ താര പ്രഭാവം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ നൂറ് കണക്കിന് ചിത്രങ്ങളില്‍ പലവേഷങ്ങളില്‍ നിറഞ്ഞാടി. തന്റെ സിനിമാ ജീവിതത്തിന്റെ 48ാം വര്‍ഷത്തിലും ആ താരപെരുമയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ല. ഇന്നും ഈ തലവട്ടം കണ്ടാല്‍ തിയേറ്റര്‍ പൂരപറമ്പാണ്.
ശിവാജി റാവു ഗെയ്ക്വാദ് എന്ന ബസ് കണ്ടക്ടറില്‍ നിന്നും രജനികാന്ത് എന്ന നടനുണ്ടായതും അവിടെ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എന്ന വിശേഷണത്തിലെത്തിയതും ഒരു രജനി പടം പോലെ ആവേശം തരുന്നതാണ്. ബിഗ് ബി അമിതാഭ് ബച്ചന്‍ പറഞ്ഞത്, ഞാനല്ല... തമിഴ് സിനിമയില്‍ ഒരാളുണ്ട് അദ്ദേഹമാണ് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ എന്നാണ്. 1975-ല്‍ കെ.ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളിലൂടെയായിരുന്നു രജനികാന്തിന്റെ അരങ്ങേറ്റം. പിന്നീടുള്ള രജനികാന്തിന്റെ വളര്‍ച്ച തമിഴ് സിനിമയുടെ ചരിത്രം കൂടിയാണ്.
1995ല്‍ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു. അന്ന് മുത്തു ജപ്പാനില്‍ നേടിയ കളക്ഷന്‍ പിന്നീട് ഇറങ്ങിയ ഇരു ഇന്ത്യന്‍ സിനിമക്കും ജപ്പാനില്‍ തകര്‍ക്കാന്‍ സാധിച്ചില്ല. പൂര്‍ണമായും തമിഴനല്ലാത്ത ഒരാള്‍ എങ്ങനെ തമിഴകത്തിന്റെ താരമായി എന്ന് ചോദിച്ചാല്‍, അതാണ്ടാ നമ്മ രജനി സ്‌റ്റൈല്‍ എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയും. 73ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ രജനികാന്ത് 170ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. ബിഗ് ബി അമിതാഭ് ബച്ചന്‍,അര്‍ജുന്‍ സര്‍ജ, ഫഹദ് ഫാസില്‍ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം ആരാധകരുടെ ആശംസകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. തലൈവര്‍ക്ക് ഒരു നൂറ് പിറന്തനാള്‍ വാഴ്ത്തുക്കള്‍..