Share this Article
image
മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍
Vanambadi KS Chitra's 60th birthday

മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ചിത്രയുടെ ഗാനങ്ങള്‍ പിറന്നാളിനൊപ്പം മധുരമേകുന്നവയാണ്.

പ്രണയവും വിരഹവും മാതൃത്വവും എല്ലാം കെ എസ് ചിത്രയെന്ന വാനമ്പാടിയുടെ ശബ്ദത്തിലൂടെ ഓരോ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചിത്രയുടെ സ്വരമാധുര്യത്തില്‍ വിരിഞ്ഞ പാട്ടുകള്‍ എത്ര കേട്ടാലും മതിവരാത്തവയാണ്. സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27നാണ് ചിത്രയുടെ ജനനം.

1979ല്‍ സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേക്ക് കെ എസ് ചിത്ര എത്തിയത്. എന്നാൽ നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ അകലെയോ എന്ന ഗാനമായിരുന്നു ചിത്രയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.

1983ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി നിരവധി അവസരങ്ങളെത്തി.തമിഴില്‍ ഇളയരാജ സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്നക്കുയിലെന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു.

മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഒറിയ,ബംഗാളി,ഹിന്ദി,അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര പതിനയ്യായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1983ല്‍ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിലൂടെയാണ്ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.കെ ബാലചന്ദര്‍ സംവിധാനംചെയ്ത ചിത്രം മൂന്ന് ദേശീയ പുരസ്‌കാരമാണ് നേടിയത്. മികച്ച നടിക്കുള്ള അവാര്‍ഡ് സുഹാസിനിയും മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ഇളയരാജയും മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ചിത്രയും നേടി.

1987ല്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ മഞ്ഞള്‍പ്രസാദവും എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1989ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദുപുഷ്പം ചൂടിനില്‍ക്കും എന്ന ഗാനത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു. മിന്‍സാരക്കനവ് എന്ന തമിഴ് ചിത്രത്തിലെ മാന മധുരൈ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് 1996ല്‍ നാലാമത്തെ ദേശീയപുരസ്‌കാരവും ലഭിച്ചു.

1997ല്‍ ഹിന്ദി ചിത്രം വിരാസത്തിലെ പായലേ ചുന്‍ മുന്‍ എന്ന ഗാനത്തിനും 2004ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊവ്വൊരു പൂക്കളുമേ എന്ന ഗാനത്തിനും കൂടി മലയാളത്തിന്റെ വാനമ്പാടി ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.കേരള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ പലതവണ ലഭിച്ച ചിത്രയ്ക്ക് 2005ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു.ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ സ്വന്തം വാനമ്പാടിക്ക് കേരളവിഷന്‍ ന്യൂസിന്റെ പിറന്നാളാശംസകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories