ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളായാണ് സത്യജിത്ത് റായെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും പ്രതിഭാധനനായ ചലച്ചിത്രകാരന്റെ ജന്മവാര്‍ഷികമാണ് ഇന്ന് .
സിനിമാ ചരിത്രത്തിലെ തന്നെ കാലാതിവര്‍ത്തിയായ ഷോട്ടുകള്‍ക്കും സീനുകള്‍ക്കും ജന്മം നല്‍കിയ സംവിധായകനാകും മുമ്പ് അഭിനേതാവെന്ന നിലയിലാണ് അദ്ദേഹം അഭ്രപാളിയിലേക്ക് കടന്നുവരുന്നത്.കൊല്‍ക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റായ് അവിടുത്തെ പ്രസിഡന്‍സി കോളേജിലും ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലും ആയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ബൈസിക്കിള്‍ തീവ്‌സ് എന്ന വിഖ്യാതമായ ഇറ്റാലിയന്‍ ചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.സ്വാഭാവികമായ ചുറ്റുപാടുകളില്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ സത്ത ചോരാതെ അവതരിപ്പിക്കാനായിരുന്നു സത്യജിത്ത് റായ്ക്ക് താല്‍പര്യം.
അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ടവയാണ് റായുടെ സിനിമകള്‍. പഥേര്‍ പാഞ്ചാലി,അപരാജിതോ,അപുര്‍ സന്‍സാര്‍ എന്നീ സിനിമകളുടെ അപു ത്രയം സത്യജിത്ത് റായുടെ മാസ്റ്റര്‍ പീസ് ആയി കണക്കാക്കപ്പെടുന്നു.
ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെയും സിനിമാ കുതുകികളുടെയും ഇടയില്‍ പ്രഥമസ്ഥാനമുണ്ട് ഇവയ്ക്കിന്നും.ലോകസിനിമകള്‍ കണ്ടും വായിച്ചും അറിഞ്ഞതല്ലാതെ പ്രായോഗിക പരിശീലനമോ, സിനിമാ പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും, പഥേര്‍ പാഞ്ചാലി എന്ന ആദ്യസിനിമയിലൂടെ ലോകത്തെ കണ്ട മികച്ച ചലച്ചിത്ര കലാകാരന്മാരില്‍ ഒരാളായി സത്യജിത് റായ് മാറിയത് ചലച്ചിത്രത്തിന്റെ ചരിത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
1992 ഏപ്രില്‍ 23ന് കാലയവനികയ്ക്കുള്ളില്‍ മറയും വരെ അദ്ദേഹം കലകൊണ്ടും ജീവിതംകൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചു.