മലയാള ചലച്ചിത്ര ലോകത്ത് 2023 കടന്നുപോകുന്നത് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ നല്‍കി. 209 ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് 13 സിനിമകള്‍. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്രയും ചിത്രങ്ങള്‍ ഒറ്റ വര്‍ഷം കൊണ്ട് റിലീസ് ചെയ്തത്. ഏറ്റവും മികച്ചത് സമ്മാനിച്ചിട്ടാണ് മലയാള ചലച്ചിത്ര ലോകം 2023 നോട് ബൈ പറയുന്നത്. 209 ചിത്രങ്ങളാണ് ഇതുവരെ തിയേറ്ററിലെത്തിയത്. ഇതില്‍ 4 സൂപ്പര്‍ ഹിറ്റുകളും 13 മികച്ച പ്രതികരണങ്ങളോടു കൂടി മുന്നേറിയ ചിത്രങ്ങളുമുണ്ട്. ഡിസംബര്‍ 31 ആകുമ്പോഴേക്കും ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം 220 കടക്കും.
മലയാള ചലച്ചിത്ര ലോകത്ത് ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ ഒറ്റ വര്‍ഷം കൊണ്ട് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന നേര് , മീരാ ജാസ്മിന്‍-നരേന്‍ ജോഡിയില്‍ എത്തുന്ന ക്വീന്‍ എലിസബത്ത്, ഷെയ്ന്‍ നിഗത്തിന്റെ പെയ്ന്‍ കിളി, ഇന്ദ്രന്‍സിന്റെ പൊരി വെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഡിസംബര്‍ അവസാനത്തോടെ തിയേറ്ററില്‍ എത്താന്‍ പോകുന്നത്. ഈ വര്‍ഷം ഒരാഴ്ചയില്‍ 18 സിനിമകള്‍ വരെ റിലീസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു നിര്‍മാതാക്കള്‍. ഇതിനിടയില്‍ ഈ വര്‍ഷം 2018 എന്ന ചിത്രം ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ചതും അഭിമാന നേട്ടമായി.
അതേസമയം, നഷ്ടങ്ങളുടെ കണക്കുകളും ഈ വര്‍ഷം നിര്‍മാതാക്കള്‍ക്കുണ്ടായി. മുതല്‍ മുടക്കിയ പൈസ പോലും തിരിച്ചുകിട്ടാത്ത ചിത്രങ്ങളുമുണ്ടായി. ജൂഡ് ആന്റണി ജോസഫിന്റെ 2018, റോബി വര്‍ഗീസിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആര്‍ഡിഎക്‌സ്, ജിത്തുമാധവന്റെ രോമാഞ്ചം എന്നീ ചിത്രങ്ങളായിരുന്നു 2023 ലെ സൂപ്പര്‍ ഹിറ്റുകള്‍. 2023 ലെ ഊര്‍ജം അടുത്ത വര്‍ഷവും മലയാള ചിത്രത്തിനുണ്ടാകുമെന്ന വിലയിരുത്തലിലാണ് സിനിമാ പ്രവര്‍ത്തകര്‍.