ഓണത്തിന് മുൻപ് തന്നെ സിനിമ പ്രേമികൾക്ക് ആഘോഷമൊരുക്കുകയാണ് നാളെ മുതലുള്ള ഒടിടി റിലീസുകൾ.ഒരുപിടി മികച്ച സിനിമകളാണ് ഓഗസ്റ്റ് മാസം ഒടിടി റിലീസിനെത്തുന്നത്. മലയാള ചിത്രം നെയ്മർ ഓഗസ്റ്റ് എട്ടിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ശിവകാർത്തികേയന്റെ മാവീരൻ, ത്രില്ലർ ചിത്രം പോർ തൊഴിൽ, കുഞ്ചാക്കോ ബോബന്റെ പദ്മിനി എന്നീ സിനിമകൾ ഓഗസ്റ്റ് 11നും സ്ട്രീമിങ് ആരംഭിക്കും. മാവീരൻ പ്രൈമിലൂടെയും പദ്മിനി നെറ്റ്ഫ്ലിക്സിലൂടെയുമാകും റിലീസ്. പോർ തൊഴിൽ സോണി ലിവിലൂടെ എത്തും.
നെയ്മർ: ഓഗസ്റ്റ് 8: ഹോട്ട്സ്റ്റാർ
ഒരു നാടൻ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഫൺ എന്റർടെയ്നർ. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നസ്‌ലിനും മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്നു.
മാവീരൻ: ഓഗസ്റ്റ് 11: പ്രൈം
‘മണ്ടേല’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ തമിഴ്നാടിന്റെ ജാതി രാഷ്ട്രീയത്തെ പ്രശ്നവത്ക്കരിച്ചു നിരൂപക പ്രശംസ നേടിയ മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച പൊളിറ്റിക്കൽ ആക്‌ഷൻ ഡ്രാമയാണ് ‘മാവീരൻ’. ശിവകാർത്തികേയൻ നായകനാകുന്നു.
പദ്മിനി: ഓഗസ്റ്റ് 11: നെറ്റ്ഫ്ലിക്സ്
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു.
പോർ തൊഴിൽ: ഓഗസ്റ്റ് 11: സോണി ലിവ്
ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം. വിഘ്നേശ് രാജയാണ് സംവിധാനം. ചിത്രം ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ നേടിയിരുന്നു.
ഹണ്ട് ഫോർ വീരപ്പൻ: ഓഗസ്റ്റ് 4: നെറ്റ്ഫ്ലിക്സ്
രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററി. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷൻ കൊക്കൂൺ ദൗത്യവും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.