ചെന്നെെ: രജനീകാന്തിന്റെ ജയിലർ വമ്പൻ വിജയം നേടിയതിന്റെ പിന്നാലെയാണ് രജനീയുടെ പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണെന്ന വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണം ഇതുവരെയുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സൺ പിക്ചേഴ്സ്. ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെയാണ് സൺ പിക്ചേഴ്സ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
'തലൈവർ 171' എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ലോകേഷ് കനകരാജാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അൻപ്അറിവ് മാസ്റ്റേഴാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത്.ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. തലൈവർ 171' ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ലിയോ' ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.ഒക്ടോബർ 19 നാണ് 'ലിയോ' പ്രദർശനത്തിനെത്തുക.