Share this Article
സജ്‌നയും ഫിറോസ് ഖാനും വിവാഹമോചിതരാകുന്നു;ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നെന്നോന്നും കരുതരുതെന്ന് സജ്‌ന
വെബ് ടീം
posted on 04-12-2023
1 min read
SAJNA AND FIROZ KHAN DIVORCE

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി. വളരെ വൈകാരികമായിട്ടാണ് സജ്‌ന ഇത് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടായെന്നും സജ്‌ന പറയുന്നു. കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്ന തുറന്നു പറഞ്ഞു.

പറയാന്‍ കുറച്ച് ദുഃഖകരമായ കാര്യമാണെന്നും തങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ്  പറയാന്‍ പോകുന്നതെന്നും തുടക്കമിട്ടുകൊണ്ടാണ് സജ്‌ന തുറന്നുപറച്ചില്‍ നടത്തുന്നത്. പറയുന്നതിനിടെ കരയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹമോചനത്തിന്റെ കാരണം വ്യക്തിപരമാണെന്നും വെളിപ്പെടുത്താനാവില്ലെന്നും സജ്‌ന പറഞ്ഞു. 

ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്.  എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം.  ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നെന്നോന്നും കരുതരുത്. അതൊന്നുമല്ല ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം.  ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്.  ഞങ്ങളുടെ വേര്‍പിരിയലില്‍ ഷിയാസിന് യാതൊരു ബന്ധവും ഇല്ല.  ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്‌നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. ഫിറോസ് ചില വിഡിയോ ഇടുന്നുണ്ടല്ലോ എന്താണ് കാരണം എന്നൊക്കെ. ഞാന്‍ ഇക്കയെ വിളിച്ചു പറഞ്ഞു, ''ഇക്ക നമ്മള്‍ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. അതുകൊണ്ട് ആളുകളെക്കൊണ്ടു മോശം പറയിക്കുന്ന രീതിയില്‍ പെരുമാറരുതെന്ന്''.  

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ട്. 

വീട്ടില്‍ ഇപ്പോള്‍ ഉമ്മയും മക്കളും മാത്രം. ഇപ്പോള്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണ്. നൂര്‍ ജഹാന്‍ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍ എന്നത്. ഞങ്ങള്‍ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങള്‍ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരില്‍ തന്നെയാണ്. ഒന്നുകില്‍ അത് ഞങ്ങളില്‍ ഒരാള്‍ എടുക്കും അല്ലെങ്കില്‍ വില്‍ക്കുമെന്നും സജ്‌ന പറയുന്നു. 

ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്‌നയും  വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്‌നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഷോയുടെ പകുതിയാപ്പോള്‍ രണ്ട് പേരും പുറത്തായി. സജ്‌ന സീരിയല്‍ രംഗത്ത് സജീവമാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories