ഏറെ ഇഷ്ടമുണ്ടായിരുന്ന സിനിമ താന്‍ ഉപേക്ഷിക്കാനുള്ള കാരണം കാസ്റ്റിങ് കൗച്ചാണെന്ന് തുറന്നു പറഞ്ഞ് നടി വിചിത്ര. ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുന്ന വിചിത്ര ഷോയില്‍ വച്ചാണ് തുറന്നു പറച്ചില്‍ നടത്തിയത്. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ തന്നെ മുറിയിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിക്കാത്തതിനാല്‍ പ്രതികാരത്തോടെ പെരുമാറിയെന്നുമാണ് നടി പറയുന്നത്. ഒടുവില്‍ തന്നെ മുഖത്ത് അടിക്കുന്നതുവരെ എത്തി. യൂണിയന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും നടി വ്യക്തമാക്കി.
വിചിത്രയുടെ വാക്കുകള്‍:
2000ല്‍ അന്തരിച്ച ഒരു നടന്‍ പറഞ്ഞത് അനുസരിച്ചാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. മലമ്പുഴയിലായിരുന്നു ഷൂട്ടിങ്. ഞാന്‍ എന്റെ ഭര്‍ത്താവിനെ കാണുന്നത് അവിടെ വെച്ചാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാസ്റ്റിങ് കൗച്ചിന് ഇരയാവുന്നത് അവിടെയാണ്. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് ഞാന്‍ അപ്രത്യക്ഷമായെന്ന് എല്ലാവര്‍ക്കും അറിയാം. ഇതായിരുന്നു കാരണം. ഈ സംഭവം മറക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ വളരെ ആഴമുള്ള മുറിവാണ് അത്. ഒരിക്കലും ഉണങ്ങിയില്ല.
എന്റെ ഭര്‍ത്താവ് മാനേജറായിരുന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലാണ് ഞാന്‍ തങ്ങിയിരുന്നത്. അവിടെ ഒരു പാര്‍ട്ടിയില്‍ വച്ചാണ് വളരെ പ്രശസ്തനായ നായകനെ ഞാന്‍ കാണുന്നത്. എന്റെ പേര് അദ്ദേഹം ചോദിച്ചില്ല. പകരം അദ്ദേഹത്തിന്റെ മുറിയിലേക്ക് വരാനാണ് പറഞ്ഞത്. അത് എനിക്ക് വലിയ ഞെട്ടലായിരുന്നു. എന്ത് പെരുമാറ്റമാണ് അതെന്ന് എനിക്ക് മനസിലായില്ല. ആ രാത്രി ഞാന്‍ എന്റെ മുറിയില്‍ പോയി ഉറങ്ങി. അടുത്ത ദിവസം മുതല്‍ ഷൂട്ടിങ്ങിനിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.
ഇതുപോലെ ഒരു അനുഭവം എനിക്ക് തമിഴ് സിനിമയില്‍ നിന്നുണ്ടായിട്ടില്ല. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ മദ്യപിച്ച് എന്റെ മുറിയുടെ വാതിലില്‍ അടിക്കുമായിരുന്നു. എനിക്ക് ഇപ്പോഴും ആ ശബ്ദം ഓര്‍മയുണ്ട്. ഞാന്‍ ആകെ തകര്‍ന്നു. ഇതിനെ എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഹോട്ടലിലേക്ക് ഫോണ്‍ കണക്റ്റ് ചെയ്യരുതെന്ന് ഞാന്‍ ജീവനക്കാരോട് പറയുമായിരുന്നു. ആ സമയത്ത് ഇപ്പോഴത്തെ എന്റെ ഭര്‍ത്താവ് സുഹൃത്തുപോലും ആയിരുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും സഹായം വേണോ എന്നും അദ്ദേഹം ചോദിച്ചു. റൂം മാറ്റിത്തരാനാണ് ഞാന്‍ പറഞ്ഞത്. ടീമിലെ മറ്റുള്ളവര്‍ അറിയാതെ അദ്ദേഹം എന്റെ റൂം മാറ്റിക്കൊണ്ടിരുന്നു. അത് അവര്‍ക്കെങ്ങനെ സാധിച്ചു എന്നറിയില്ല.
ഞാനവിടെ ഉണ്ട് എന്ന് കരുതി അയാള്‍ അപ്പോഴും വാതിലില്‍ അടിച്ചുകൊണ്ടിരുന്നു. അവസാനം എന്നെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. കാടിനുള്ളില്‍ വച്ച് ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ആരോ എന്നെ അനാവശ്യമായി തൊടുന്നതായി തോന്നി. അറിയാതെ പറ്റുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. സംവിധായകന്‍ രണ്ടാമത്തെ ടേക്ക് പോയപ്പോള്‍ വീണ്ടും അത് സംഭവിച്ചു. മൂന്നാമത്തെ പ്രാവശ്യം ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ചു. സ്റ്റണ്ട് മാസ്റ്ററിന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാള്‍ എന്റെ മുഖത്തടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും തയാറായില്ല. എനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വന്നു. എനിക്ക് എന്റെ മാതാപിതാക്കളോട് പറയാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ സുഹൃത്തിനോട് സംസാരിച്ചു. യൂണിയനില്‍ പരാതി നല്‍കാനാണ് അവര്‍ എന്നോട് പറഞ്ഞത്. അടിച്ചതിന്റെ പാട് എന്റെ മുഖത്തുണ്ടായിരുന്നു. ഞാന്‍ യൂണിയനില്‍ പരാതി നല്‍കിയപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല.
പൊലീസില്‍ പോവാതെ എന്തുകൊണ്ടാണ് യൂണിയനെ സമീപിച്ചത് എന്നാണ് ഒരാള്‍ എന്നോട് ചോദിച്ചത്. ഞാന്‍ അഭിഭാഷകനെ കണ്ടു. അതൊരു വൃത്തികെട്ട നടപടിക്രമമായിരുന്നു. രണ്ട് ദിവസത്തില്‍ എന്റെ മുറിവുകള്‍ ഉണങ്ങി. ആരും ഹിയറിങ്ങിന് എത്തിയില്ല. എന്റെ ഭര്‍ത്താവ് പല തെളിവുകളും നല്‍കി. എന്റെ കരിയര്‍ അവസാനിച്ചെന്ന് എനിക്കപ്പോള്‍ തോന്നി. എന്റെ കുടുംബത്തെ എങ്ങനെ നോക്കുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. യൂണിയന്റെ മേലധികാരി എല്ലാം മറന്ന് ജോലിയില്‍ ശ്രദ്ധിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. അപ്പോള്‍ എന്റെ ഭര്‍ത്താവ് ചോദിച്ചു, ഇതിനുവേണ്ടിയാണോ നീ ജോലി ചെയ്യുന്നത്? അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ അര്‍ഹതയില്ല.- എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തനിക്ക് അടികിട്ടിയതുപോലെയായി. ഈ ഘട്ടത്തില്‍ മുഴുവന്‍ എന്റെ ഭര്‍ത്താവ് എനിക്കൊപ്പം നിന്നു. എന്നെ വിവാഹം കഴിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നടി എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം എന്നെ കണ്ടത്. അദ്ദേഹം എന്റെ ഹീറോ ആണ്. എനിക്ക് മനോഹരമായ കുടുംബവും മൂന്ന് കുട്ടികളേയും അദ്ദേഹം തന്നു. ഒരു നടപടിയും എടുക്കാത്തതിനാല്‍ നിരവധി ക്രിമിനലുകളാണ് നടപടിയെടുക്കാത്തതിനാല്‍ രക്ഷപ്പെടുന്നത്. അതിനാലാണ് ഞാന്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. 20-22 വര്‍ഷങ്ങള്‍ എടുത്താണ് ഞാന്‍ അതിനെ മറികടന്നത്. ഇതെന്റെ തിരിച്ചുവരവാണ്.