കേരളത്തെയാെക ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യൂമെന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.
ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെ ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് ഇവർ ഡോക്യുമെന്ററിയാക്കുന്നത്.
കൂടത്തായി കൂട്ടക്കൊലയാണ് പൊന്നാമറ്റം വീടിനെ ചര്‍ച്ചയാക്കിയത്. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നു. പ്ലസ്ടു യോഗ്യതമാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.
14 വര്‍ഷത്തിനിടെയുണ്ടായത് ആറ് ദുരൂഹമരണങ്ങള്‍. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസൂത്രണവും കൊല നടത്തിയതുമെല്ലാം ജോളി ജോസഫെന്ന വീട്ടമ്മയുടെ ബുദ്ധി. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.