ചെന്നൈ: വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച രോഹിണി സിൽവർ സ്ക്രീൻസ് ആരാധകർ നശിപ്പിച്ചതായി റിപ്പോർട്ട്. ട്രെയിലർ കാണുന്നതിനിടെ അതിരുവിട്ട ആരാധകർ സീറ്റിന് മുകളിലൂടെ നടക്കുകയും തിയേറ്ററിലെ സാധനങ്ങൾ നശിപ്പിച്ചെന്നുമാണ് ആരോപണം. ആരാധകർ നശിപ്പിച്ച തിയറ്ററിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്ഡി യോയിൽ വിജയ് ആരാധകർ സീറ്റിന് മുകളിലൂടെ നടക്കുന്നത് കാണാം. തിയറ്ററിലെ സീറ്റുകൾ പലതും ഇളകിയ നിലയിലാണ്. ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. തിയേറ്റർ ഹാളിന് പുറത്താണ് സാധാരണ പ്രദർശനം നടത്തുന്നത്. എന്നാൽ പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തിയറ്റർ സ്ക്രീനിൽ തന്നെ ട്രെയിലർ പ്രദർശിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഇതുവരെ തിയേറ്റർ ഉടമകൾ പ്രതികരിച്ചിട്ടില്ല.
ചിത്രത്തിന്റെ ഓഡിയോ റിലീസും വിവാദത്തിൽ എത്തിയിരുന്നു. നേരത്തെ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലിയോയുടെ ഓഡിയോ റിലീസ് ഉപേക്ഷിച്ചിരുന്നു. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള ഡിഎംകെ സർക്കാരിന്റെ നീക്കമാണെന്നും ആക്ഷേപമുണ്ട്.എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്‌നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി എക്‌സിലൂടെ പ്രതികരിച്ചിരുന്നു.