തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. ഹൈദരാബാദിൽ, പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. കാർത്തിക് നാഗ എന്ന ആളുടെ ട്വിറ്ററിലൂടെയാണ് ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയറ്ററില്‍ അതിരാവിലെ നടന്ന ഫാൻസ് ഷോയ്ക്കിടെയാണ് മദർനമുണ്ടായതെന്ന് കാർത്തിക് ട്വീറ്റ് ചെയ്യുന്നു.
ആദിപുരുഷ്’ എത്തുമ്പോൾ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും എന്ന നിർമാതാക്കളുടെ പ്രഖ്യാപനം ഏറെ ചർച്ചയായിരുന്നു. അതേസമയം, ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഹനുമാനുവേണ്ടി ഒഴിച്ചിടുന്ന സീറ്റുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി മുണ്ട് സീറ്റിൽ വിരിച്ചിടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. രാമായണം പ്രമേയമായ ചിത്രം കാണാൻ ഹനുമാൻ ഉറപ്പായും എത്തും എന്ന വിശ്വാസമാണ് സീറ്റ് ഒഴിച്ചിടാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത്.
‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.