Share this Article
image
RDX സിനിമാ നിര്‍മാതാക്കള്‍ക്കെതിരെയും പരാതി; 6 കോടി നല്‍കിയിട്ടും ലാഭവിഹിതം നല്‍കിയില്ല
Complaint against RDX Filmmakers too; 6 crores but no dividend was paid

ആര്‍ഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പരാതി നല്‍കിയത്. നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 

ആർഡിഎക്സ് സിനിമയ്ക്കായി ആറ് കോടി രൂപ നല്‍കിയെന്നും മുപ്പത് ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും  പരാതിയില്‍ പറയുന്നു.

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിലാണ് അഞ്ജന പരാതി നല്‍കിയിരിക്കുന്നത്. സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ 13 കോടി രൂപയാണ് സിനിമയുടെ ബജറ്റ് എന്ന് പറഞ്ഞിരുന്നു.  സിനിമയുടെ നിര്‍മാണത്തിനായി ആറ് കോടി നല്‍കാനായുരുന്നു  ആവശ്യം.

70: 30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതമെന്ന് നിർമ്മാതാക്കൾ  അറിയിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.  ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.  ഇന്‍വെസ്റ്റ്‌മെന്റ് തുകയായ ആറ് കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്.

നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് കോടി തരാമെന്ന് പറയുകയും ചെയ്തു. അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

താൻ തേഡ് പാര്‍ട്ടിയാണെന്നും അത്തരമൊരാള്‍ക്ക് സാമ്പത്തിക കണക്കുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് നിര്‍മാതാക്കള്‍ പറഞ്ഞതെന്നും അഞ്ജനയുടെ  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു . വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 


    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories