കൊച്ചി: നവലോകത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളെ ഇന്നിന്റെ കഥാപരിസരത്ത് നിന്ന് മൂല്യങ്ങളുടെ പ്രാധാന്യം വിട്ടുകളയാതെ എങ്ങനെ സന്തോഷകരവും സംതൃപ്‌തവുമായ ജീവിതം നയിക്കാമെന്ന് കാണിച്ചു തരുന്ന മനോഹര ചിത്രമെന്ന പ്രേക്ഷക പ്രതികരണമാണ് സ്വർഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ബുക്ക് മൈ ഷോയിൽ ഉൾപ്പടെ നല്ല റേറ്റിംഗ് ഉള്ള ചിത്രം നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പർശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മാനിക്കുന്നു.
കത്തോലിക്കാ കൂട്ടായ്മയിൽനിന്നും മറ്റൊരു മനോഹരമായ കുടുംബചിത്രം കൂടി തിയറ്ററുകളിൽ എത്തിയിരിക്കുന്നു.അജു വർഗീസ്,ജോണി ആന്റണി,അനന്യ,മഞ്ജുപിള്ള,സിജോയ് വർഗീസ് തുടങ്ങി പ്രേക്ഷകർക്കിഷ്ടപ്പെട്ട വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.പാലാ പള്ളിക്കത്തോടുകാരൻ റെജിസ് ആന്റണിയാണ് സ്വർഗ്ഗത്തിന്റെ സംവിധായകൻ. പാലാ രൂപത കടനാടുകാരിയായ ലിസ്സി കെ ഫെർണാണ്ടസും ടീമും സി എൻ ഗ്ലോബൽ മൂവീസ് ചേർന്ന് ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങളുടെ അമരക്കാരനായ ബേബി ജോൺ കലയന്താനിയും,ജിന്റോ ഗീതം, ജോണി ആന്റണി തുടങ്ങിയവർ സ്വർഗ്ഗത്തിലൂടെ ഒരുമിക്കുന്നുവെന്ന പ്രത്യേകതയും സ്വർഗ്ഗത്തിനുണ്ട്.
നിങ്ങൾ മക്കളെ വാത്സല്യത്തോടെ വളർത്തുന്ന മാതാപിതാക്കളാണെങ്കിൽ,മാതാപിതാക്കളെ കരുതലോടെ കൂടെനിർത്തുന്ന മക്കളാണെങ്കിൽ സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന കൂടപ്പിറപ്പുകളാണെങ്കിൽ അയല്പക്കബന്ധങ്ങളെ വിലമതിക്കുന്ന കുടുംബങ്ങളാണെങ്കിൽ സ്വർഗം നിങ്ങൾക്കായുള്ള മനോഹരമായ ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് കണ്ടിറങ്ങിയവരും അഭിപ്രായപ്പെടുന്നത്.
ഒരു ഫീൽ ഗുഡ് സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ ഈ ചിത്രം നിരാശരാക്കില്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.