പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന്, എല്ലാ സിനിമകള്‍ക്കും മുമ്പേ പേടിപ്പിക്കാറുള്ളതുപോലെ, അഴിമതി രാഷ്ട്രത്തിന് ഹാനികരം, അത് കൊല്ലുന്നു എന്ന് കമല്‍ഹാസന്‍റെ ശബ്ദത്തില്‍ എഴുതിക്കാണിച്ചുകൊണ്ടാണ് ഇന്ത്യന്‍ രണ്ട് തുടങ്ങുന്നത്.
ഇന്ത്യന്‍ ഒന്നില്‍ നിന്ന് വ്യത്യസ്തമായി രണ്ടില്‍, രാജ്യത്താകമാനം ഗ്രസിച്ച അഴിമതിയുടെ അടിവേരുകള്‍ നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ തന്നെയാണെന്ന നിശിതവിമര്‍ശനമാണ് അടിസ്ഥാനം.
അഴിമതിയുടെ രാജ്യത്തെ മഹാരഥന്മാരെ അവരുടെ മടകളില്‍ പോയി മര്‍മ്മപ്രയോഗകലയുടെ പ്രാചീന ആയോധനശാസ്ത്രം പുതുക്കിപ്പഠിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിചിത്രരീതികളില്‍ കൊലപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രണ്ടിലും സേനാപതി തന്‍റെ വിരല്‍തുമ്പുകളാല്‍ വിളയാടുന്നു.
പടുവൃദ്ധനായ കമലഹാസന്‍റെ സേനാപതിയുടെ കഥാപാത്രത്തിന്‍റെ രണ്ടാംവരവിനോട് ഒന്നാം ഇന്ത്യന്‍ റിലീസിംഗ് കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഇപ്പോഴത്തെ യുവതലമുറ എങ്ങനെ പ്രതികരിക്കും എന്ന ഭയമുള്ളതുകൊണ്ടാവാം, ഇന്ത്യന്‍ രണ്ടില്‍ ഉടനീളം സാമൂഹ്യമാധ്യമങ്ങളും കം ബാക് ഇന്ത്യന്‍ ഹാഷ് ടാഗുകളും രണ്ടാംവരവ് വന്ന ഇന്ത്യന്‍റെ ഫേസ് ബുക് ലൈവുകളുമാണ്.
ഒരു വശത്ത് പൊതുസമൂഹത്തിലെ അഴിമതിരാജാക്കന്മാരെ കമലഹാസന്‍റെ ഇന്ത്യന്‍ ശിക്ഷിച്ച് കൊലപ്പെടുത്തുമ്പോള്‍ മറുവശത്ത് സമാന്തരമായി അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം സ്വന്തം കുടുംബങ്ങളിലെ അഴിമതിക്കാരെ യുവതലമുറ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നു.
അഴിമതിക്കും അനീതികള്‍ക്കുമെതിരെ ഒരിക്കലും വരാന്‍ സാധ്യതയില്ലാത്തൊരു രക്ഷകന്‍ വരുന്നുവെന്നും എല്ലാം പരിഹരിക്കുന്നുവെന്നും കാണുമ്പോഴുള്ള സാമാന്യജനത്തിന്‍റെ മൂന്നുമണിക്കൂര്‍ കോരിത്തരിപ്പാണ് ഇന്ത്യന്‍ രണ്ട് കണ്ടിരിക്കുമ്പോഴും ഉള്ളില്‍ ഉണ്ടാവുക.
അനിരുദ്ധിന്‍റെ സംഗീതവും സിദ്ധാര്‍ത്ഥിന്‍റെ ആത്മരോഷവും ആസ്വദിച്ച്, എ ഐ പുനസൃഷ്ടിച്ച ജീവന്‍ തുളുമ്പുന്ന നെടുമുടി വേണുവിനെയും കണ്ട്, അഴിമതിക്കാരില്‍ ചിലരെ ശിക്ഷിച്ചതിന്‍റെ തൃപ്തിയോടെ തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ബാക്കിയാവുന്നത് അതേ പഴയ ഇന്ത്യ, കുണ്ടും കുഴിയുമായ റോഡുകളില്‍ പായുന്ന ആഡംബര വണ്ടികള്‍ തെറിപ്പിക്കുന്ന ചളിവെള്ളം വീണിട്ടും പ്രതികരിക്കാനാവാതെ അടുത്ത ഷോയ്ക്ക് തിയറ്ററിലേക്ക് പോകുന്ന ആള്‍ക്കൂട്ടം.
അഴിമതിയുടെ രാജ്യത്ത് പ്രേക്ഷകര്‍ വീണ്ടും ആത്മരോഷം തീര്‍ക്കാന്‍ ഇന്ത്യന്‍ ത്രീ ഇറങ്ങുമ്പോഴും ടിക്കറ്റുകള്‍ എടുത്തേക്കും.