ഓം റൗട്ട് ഒരുക്കിയ ആദിപുരുഷ് രാമായണത്തെ ആസ്പദമാക്കിയുള്ളത് ആണ്. പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ. ഇപ്പോൾ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഹിന്ദു സേന. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിൽ ഹിന്ദുസേന ആരോപിച്ചു.
ഹിന്ദു ദൈവങ്ങളെ ചിത്രത്തിൽ മോശമായാണ് ചിത്രീകരിച്ചിരിച്ചത്. ഹിന്ദു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാണ് ഹർജിയിൽ പറയുന്നത്. വാൽമീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെയല്ല രാമനേയും രാവണനേയും സീതയേയും ഹനുമാനേയും ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്നലെയാണ് ആദിപുരുഷ് തിയറ്ററിൽ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിഎഫ്എക്സ് വൻ പരാജയമാണെന്നു് വിമർശനമുണ്ട്. ചിത്രത്തിലെ രാമനും രാവണനും ഹനുമാനുമെല്ലാം ട്രോളുകളിൽ നിറയുകയാണ്. പ്രഭാസിന് പുറമേ കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.