Share this Article
നൂറിലധികം സിനിമകൾ; തൊട്ടതെല്ലാം പൊന്നാക്കി അമ്പിളി ഔസേപ്പ്
Over 100 movies; Ambili Ousep turned everything he touched into gold

നൂറിലധികം സിനിമകൾ. ചെറുതും വലുതുമായ വേഷങ്ങൾ..എല്ലാം പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നവ.. തൊട്ടതെല്ലാം  പൊന്നാക്കിയ ചരിത്രമാണ്  യുവനടിമാരുടെ മുൻനിരയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന  അമ്പിളി ഔസേപ്പിനുള്ളത്.

അഭിനയരംഗത്ത് ഒരു പതിറ്റാണ്ട് തികക്കുമ്പോൾ തൃശ്ശൂർ  കയ്പമംഗലത്തേക്ക് ജീവിതം പറിച്ചുനട്ട അമ്പിളി പുരസ്ക്കാരങ്ങളുടെ നിറവിലാണ്. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ  2024 ലെ മികച്ച നടിക്കുള്ള  പുരസ്ക്കാരമാണ് അഭിനയത്തിൻ്റെ അമ്പിളിക്കലയ്ക്ക്  ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരം. 

നാടക പ്രവർത്തകനും, കലാകാരനുമായിരുന്ന തോപ്പിൽ ഓസേപ്പിൻ്റെ മകളായ  അമ്പിളിക്ക് അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.  അതിനാൽ അഭിനയത്തിൽ ഹരിശ്രീ കുറിച്ചതും നാടകത്തിൽ തന്നെയായി. ചെറുപ്പത്തിലേ അരങ്ങിൽ നിറഞ്ഞു നിന്നതോടെ ഏതു കാപാത്രങ്ങളും അമ്പിളിക്ക് വഴങ്ങി. അത് മലയാള സിനിമയിലേക്കുള്ള വഴികാട്ടിയുമായി.

മുരളി ഗോപിയും, ആസിഫലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു അമ്പിളി മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചത്. വേഷം ചെറുതും, ഒപ്പം സിനിമയിൽ തുടക്കക്കാരിയായിട്ടു പോലും അഭിനയ മികവുകൊണ്ട് അമ്പിളി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.

പിന്നീട് നിരവധി സിനിമകൾ അമ്പിളിയെ തേടിയെത്തി. എല്ലാ കഥാപാത്രങ്ങളും വേറിട്ട അഭിനയശൈലി കൊണ്ട് അമ്പിളി മികവുറ്റതാക്കി. പക്ഷേ ഒരു നടിയെന്ന നിലയിൽ വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും വേണ്ടത്ര താരപരിവേഷം  തനിക്ക് ലഭിച്ചില്ല എന്ന പരിഭവം അമ്പിളിയുടെ വാക്കുകളിൽ നിറയുന്നു.

സൂപ്പർ താരങ്ങൾക്കൊപ്പം വെള്ളിത്തിരയിൽ നിരവധി വേഷങ്ങൾ പകർന്നാടിയെങ്കിലും ആൾക്കൂട്ടങ്ങളിൽ പലരും തന്നെ തിരിച്ചറിയാതെ പോകുന്നുവെന്നാണ് അമ്പിളി പറയുന്നത്.

ഒരു തരത്തിൽ അതൊരനുഗ്രഹമായി മാറിയെന്ന് സ്വയം തൃപ്തിപ്പെടുത്താനും താരം മറക്കുന്നില്ല. ഓരോ സിനിമകൾ കഴിയുമ്പോഴും ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം അമ്പിളിയെ നേരിട്ടും, അല്ലാതെയും അഭിനന്ദനമറിയിക്കാറുണ്ട്. അടുത്തിടെ തീയറ്ററുകൾ നിറഞ്ഞ് ചിരിച്ച മന്ദാകിനി എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രമായ വിജയ ലക്ഷ്മിയാണ് അമ്പിളിയുടെ കരിയറിനെ എറ്റവും ഉയരങ്ങളിലെത്തിച്ചത്.

 റിലീസിങ്ങി ന്നൊരുങ്ങുന്ന അഞ്ച് ചിത്രങ്ങളിലും അമ്പിളി ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്.  ഹ്രസ്വചിത്രങ്ങളിലുൾപ്പെടെ തിളങ്ങിയ അമ്പിളിക്ക് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിൽ നിന്നും  ഓഫറുകൾ ലഭിച്ചിട്ടുണ്ട്. അഭിനയയിക്കാൻ  ജീവിതം ഉഴിഞ്ഞുവെച്ച ഈ പ്രതിഭ പുതിയ കഥാപാത്രങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories