മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം നിഷ സാരംഗിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വ്യക്തിജീവിതത്തില്‍ തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും തുറന്നു പറയുകയാണ് നടി ഇപ്പോള്‍. അന്‍പത് വയസ് കഴിഞ്ഞതിനാല്‍ വീണ്ടുമൊരു വിവാഹത്തിന് സമ്മതമാണെന്ന് നിഷ സാരംഗ് അഭിമുഖത്തിൽ അറിയിച്ചിരിക്കുകയാണ് . ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ട് വേണം എന്നാണ് നിഷ പറയുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍.
”മക്കളോട് പണ്ടേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. എന്റെ അന്‍പതാം വയസ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ് വരെ നിങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്.”
”എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും, വേണ്ടെന്ന് പറയരുത്. ഇപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല.”
”അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന്. ചിലപ്പോള്‍ വെറുതെയിരുന്ന് കരയാന്‍ തുടങ്ങും. തിരക്കിട്ട ജീവിതമാണ്, എന്റെ ഇടവേളകളില്‍ എനിക്കൊപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ മനസ്സ് അശാന്തമാകും.”
”അന്‍പത് വയസാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ സന്തോഷവതിയാക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ എന്റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ. അപ്പോള്‍ ഞാന്‍ എന്നെ നോക്കണം” എന്നാണ് നിഷ പറയുന്നത്. അതേസമയം, പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയായിരുന്നു നിഷയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.