കാൻബറ: മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയൻ പാര്‍ലമെന്റ് സമിതി. മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ 'പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍.
ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്, പാര്‍ലമെന്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങിൽ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം പി പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം പി പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എംപി മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് 'പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ'.