അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ പുതിയ മിമിക്രി വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഓണം സ്പെഷ്യലായാണ് മഹേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പോസ്റ്റ് ചെയ്തത്. വിനായകൻ, ബാല, ആറാട്ടണ്ണൻ തുടങ്ങിയവരുടെ ശബ്ദമാണ് മഹേഷ് അനുകരിച്ചത്.
രജനീകാന്തിന്റെ ജയിലറിനെക്കുറിച്ചുള്ള ആറാട്ടണ്ണന്റെ റിവ്യൂ ആണ് വിഡിയോയ്ക്ക് ആധാരം. രസകരമായാണ് മഹേഷ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. മുഖത്തിന് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്. എന്നാൽ ഇതൊന്നും മഹേഷിന്റെ മിമിക്രിയെ അവതരണത്തെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ.
മഹേഷിന്റെ മിമിക്രി വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത ശേഷം WATCH ON YOUTUBE എന്ന ലിങ്കിലും ക്ലിക്ക് ചെയ്യുക
രണ്ടുമാസത്തോളമായി വീട്ടിൽ തന്നെയായിരുന്നുവെന്നും പരിപാടിയൊന്നുമില്ലായിരുന്നെന്നും മഹേഷ് കുഞ്ഞുമോൻ വിഡിയോയിൽ പറയുന്നുണ്ട്. ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും ചികിത്സ നടക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
കുഞ്ഞുമോന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ തിരിച്ചുവരവ് എന്നാണ് ആരാധകരുടെ കമന്റുകൾ. മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ആളുകൾ കുറിച്ചു. മഹേഷിന്റെ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതരമായ പരുക്കേൽക്കുന്നത്. പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന മഹേഷിന്റെ മുഖത്തിലാണ് ഏറ്റവും പരുക്കേറ്റത്. ഏഴ് പല്ലുകളാണ് നഷ്ടപ്പെട്ടത്. മൂക്കിലും മുഖത്തും ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇരു കവിളുകളിലെയും അസ്ഥികള്‍ ചേരാന്‍ കമ്പികള്‍ ഇട്ടു.