Share this Article
എഴുന്നൂറാം ചിത്രത്തിന്റെ നിറവില്‍ പ്രിയനടി ഉര്‍വശി; പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു
'Appatha' movie ; 700th film of Urvashi , directed by priyadharshan

കരിയറില്‍ എഴുന്നൂറാം ചിത്രത്തിന്റെ നിറവിലാണ് തെന്നിന്ത്യയുടെ പ്രിയനടി ഉര്‍വശി.അപ്പാത്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്.മലയാളിക്ക് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയാണ് ഉര്‍വശി.മൂന്ന് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനസര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങിയ മറ്റൊരു നടിയും ഇന്ന് മലയാള സിനിമയില്‍ ഇല്ല.

1993ല്‍ പുറത്തിറങ്ങിയ മിഥുനം എന്ന സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത.മിഥുനം സിനിമയില്‍ സുലോചന എന്ന നായികാ കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്.ഇന്നും മലയാളസിനിമാപ്രേമികളുടെ പ്രിയ ചിത്രങ്ങളിലൊന്നാണ് മിഥുനം.സേതുവിന്റെ ജീവിത നെട്ടോട്ടമാണ് മിഥുനം എന്ന സിനിമ.ഈ സിനിമ അന്ന് വന്‍വിജയമായിരുന്നു.

കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്.ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്റെ ബിസിനസില്‍ പ്രശസ്തി നേടുകയും ചെയ്യുന്നു.അപ്പത്തായ്ക്ക് ജീവിതത്തില്‍ ആകെ ഭയമുള്ളത് നായ്ക്കളോടാണ്.തന്നെ പിരിഞ്ഞ് നഗരത്തില്‍ താമസമാക്കിയ മകന്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ വീട്ടിലെ നായയെ നോക്കാന്‍ അമ്മയെ ഏല്‍പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ.കണ്ണമ്മ തന്റെ നഗരത്തില്‍ താമസമാക്കിയ മകനുമായി വീണ്ടും ബന്ധപ്പെടുകയും നായ്ക്കളോടുള്ള ഭയത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍ മാനുഷിക ബന്ധങ്ങളെയും വ്യക്തിഗത വളര്‍ച്ചയെയും കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു.

അപ്പത്താ ജനഹൃദയങ്ങളില്‍ ശാശ്വതമായ സ്ഥാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയദര്‍ശന്‍ പറഞ്ഞു.എഴുന്നൂറാം സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് ഉര്‍വശി പറഞ്ഞിരുന്നു.നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്തത്.

ജിയോ സിനിമാ വരിക്കാര്‍ക്ക് സൗജന്യമായി സിനിമ കാണാം.എഴുന്നൂറാം സിനിമ പൂര്‍ത്തിയാക്കിയ ഉര്‍വശിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രമുഖര്‍ എത്തിയിരുന്നു.പ്രിയപ്പെട്ട പ്രിയനും ഉര്‍വശിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമയാണ് അപ്പാത്ത.

വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് മലയാളത്തില്‍ ഉര്‍വശി അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.തമിഴില്‍ സൂരറൈപോട്ര്,മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.ഓ അന്ത നാട്കള്‍, നെഞ്ചമെല്ലാം കാതല്‍, ഇഡിയറ്റ്,അന്തഗന്‍ തുടങ്ങി നിരവധി സിനിമകളാണ് തമിഴില്‍ താരത്തിന്റേതായി ഒരുങ്ങുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories