ഒമർ ലുലു സംവിധാനം ചെയ്‌ത 'ഒരു അഡാറു ലൗവ്' എന്ന സിനിമയിലെ ഒറ്റ കണ്ണിറുക്കലിൽ ഒരു ദിവസം കൊണ്ട് വൈറലായ താരമാണ് പ്രിയ വാര്യർ. ഈ ഐഡിയയ്‌ക്ക് പിന്നിൽ താനായിരുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തലിനെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
ഈ ഐഡിയ ഒമർ ലുലുവിന്റെ ആണെന്ന് നടി ഒരു മാധ്യമത്തിന് അഞ്ച് വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ പറയുന്നതിന്റെ വിഡിയോ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധാകന്റെ പ്രതികരണം. 'ഒരു സീനിൽ സംവിധായകൻ തന്നോട് പുരികം പൊക്കാമോ എന്നു ചോദിച്ചു, ശ്രമിക്കാമെന്ന് പറഞ്ഞപ്പോൾ അതിന്റെ കൂടെ ഒരു സൈറ്റ് കൂടി അടിച്ചേക്ക് എന്ന് പറഞ്ഞു അങ്ങനെയാണ് ആ വൈറൽ കണ്ണിറുക്കൽ സംഭവിച്ചതെന്ന് താരം വിഡിയോയിൽ പറയുന്നുണ്ട്. ഓർമ്മക്കുറവിന് വലിയചന്ദനാദി എണ്ണ നല്ലതാണെന്നും ഓമർ ലുലു പരിഹസിച്ചു.
'ലൈവ്' എന്ന സിനിമയുടെ പ്രമോഷനു വേണ്ടി പേര്‍ളി മാണിയുമായി നടത്തിയ അഭിമുഖത്തിൽ അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് ചോദിക്കുമ്പോൾ ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. ഈ വിഡിയോ വൈറലായതിന് പിന്നാലെയാണ് ഓമർ ലുലു രംഗത്തെത്തിയത്.