വരും ദിവസങ്ങളിൽ സൂര്യ നായകനാകുന്ന കങ്കുവ ,അമൽ നീരദ് ചിത്രം ബൊഗെയ്ൻവില്ല, വിനയ് ഫോർട്ട് പ്രധാന കഥാപാത്രം ആകുന്ന ചിത്രം ഫാമിലി, സാജിദ് യഹിയയുടെ ഖൽബ്, ആലിയ ഭട്ടിന്റെ ജിഗ്ര, ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്നിവയാണ് ഒടിടിയിലൂടെ ആസ്വദിക്കാനെത്തുന്നത്.
കങ്കുവ: സൂര്യ നായകനായി ശിവയുടെ സംവിധാനത്തില്‍ എത്തിയ 'കങ്കുവ' ഡിസംബർ 8 നു ആമസോൺ പ്രൈമിൽ ആണ് എത്തുന്നത്. നവംബർ 14 ന് പുറത്തിറങ്ങിയ ചിത്രം അതിന്റെ ഗംഭീര ദൃശ്യങ്ങളാൽ പ്രശംസിക്കപ്പെട്ടെങ്കിലും മലയാളത്തിൽ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞില്ല.സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്.
ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
ബൊഗെയ്ൻവില്ല : അമൽ നീരദ് സംവിധാനം ചെയ്ത്ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവെന്ന് ശ്രദ്ധ നേടിയ ബൊഗെയ്ൻവില്ല ഡിസംബർ 13 നു സോണി ലീവിലൂടെ സ്ട്രമിങ്ങിനു ഒരുങ്ങുന്നു. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.ലാജോ ജോസിൻ്റെ റുത്തിൻ്റെ ലോകം (2019) എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ചിത്രം നിർമിച്ചത്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചലച്ചിത്രമാണ് ബൊഗെയ്ൻവില്ല.
ഫാമിലി : വിനയ് ഫോർട്ട് നായകനാകുന്ന ഫാമിലി മനോരമ മാക്സിൽ എത്തിയിട്ടുണ്ട്.സോഷ്യല്‍ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ചിത്രം തിയറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷമാണ് ഒടിടിയിലേക്കെത്തുന്നത്. സംവിധായകന്‍ ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
ഖൽബ് : ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 6ന് ആമസോൺ പ്രൈംൽ എത്തി. ഗോളം സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ആണ് നായകൻ. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നു. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണു ഖൽബ് എന്ന ചിത്രം.
ജിഗ്ര: ആലിയ ബട്ട് പ്രധാന കഥാപാത്രമാകുന്ന ജിഗ്ര നെറ്റ്ഫ്ലിക്സിൽ ഡിസംബർ 6നു എത്തി .കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11നാണ് തിയറ്ററുകളിലെത്തിയത്. തിയറ്ററുകളിൽ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു.
അമരൻ : ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഡിസംബർ 5 ന് നെറ്റ്ഫ്ലിക്സിൽ എത്തി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഇന്ദു റെബേക്ക വര്ഗീസ് ആയി സായി പല്ലവി വേഷമിട്ടു.