ഹൈദരാബാദ്: പുഷ്പ 2 ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസ് റദ്ദാക്കണമെന്ന അല്ലുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തെലങ്കാന നബല്ലി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ജൂബിലിഹില്‍സിലെ വീട്ടില്‍ നിന്നാണ് ഹൈദരാബാദ് പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.