ട്രാന്‍സില്‍വാനിയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നേടി നിവിന്‍ പോളി ചിത്രം 'ഏഴു കടല്‍ ഏഴു മലൈ'. ജൂണ്‍ 14ന് റൊമാനിയയിലെ ക്ലൂയ്നപോക്കയില്‍ ആരംഭിച്ച ചലച്ചിത്രോത്സവം ഇന്ന് അവസാനിക്കും.
ചിത്രത്തിന്റെ നിര്‍മാതാവായ സുരേഷ് കാമാച്ചിയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന് ട്രാന്‍സില്‍വാനിയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും റോട്ടര്‍ഡാം, മോസ്‌കോ ചലച്ചിത്രോത്സവങ്ങളിലെ മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും ലോകശ്രദ്ധ നേടുകയാണെന്നും സുരേഷ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
തന്റെ പ്രണയം സഫലീകരിക്കുന്നതിനായി അമരത്വം നേടി 8000 വര്‍ഷം കാത്തിരുന്ന വ്യക്തിയുടെ കഥയാണ് 'ഏഴു കടല്‍ ഏഴു മലൈ'. ഫാന്റസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന നിവിന്‍ പോളിയുടെ ആദ്യചിത്രം കൂടിയാണത്. നിവിന്‍ പോളിയെ കൂടാതെ സൂരി, അഞ്ചലി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
മമ്മൂട്ടി ചിത്രമായ പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഏഴു കടല്‍ ഏഴു മലൈ'. വാണിജ്യസ്വഭാവം തീരെയില്ലാത്ത കഥകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടാറുള്ള സംവിധായകനാണ് റാം.
മുന്‍ചിത്രമായ പേരന്‍പും വലിയരീതിയില്‍ പ്രേക്ഷകപ്രശംസ നേടിയിരുന്നു. കുറച്ച് കാലമായി നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം ഉദ്ദേശിച്ചരീതിയില്‍ പ്രേക്ഷകശ്രദ്ധ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നിവിന്‍ പോളിയ്ക്ക് ഏറെ ആശ്വാസം പകരുന്ന ചിത്രം കൂടിയായേക്കും 'ഏഴു കടല്‍ ഏഴു മലൈ'.
ചിത്രത്തിന്റെ സംഗീതം യുവാന്‍ ശങ്കര്‍ രാജയും ഛായാഗ്രഹണം എന്‍.കെ.ഏകാംബരവുമാണ്. 15 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ റിലീസ് തീയ്യതി ഇനിയും പുറത്ത് വിട്ടിട്ടില്ലാ.