ചലച്ചിത്രലോകം ഇന്നും ആവേശത്തോടെ ഓര്‍ക്കുന്ന ഒരു കാലമുണ്ട് സുകുമാരകാലം. ജീവിതത്തിലും സിനിമയിലും ബന്ധനം ആഗ്രഹിക്കാത്ത വിപ്ലവകാരിയായ നടന്‍ സുകുമാരന്‍ വിടവാങ്ങിയിട്ട് ഇന്നു 26 വര്‍ഷം.
എംടിയുടെ നിര്‍മാല്യം,സുകുമാരന്‍ എന്ന നടന്റെ പിറവിയായിരുന്നു ഈ ചിത്രം. വെളിച്ചപ്പാടിന്റെ മകന്‍ അപ്പുവായി സുകുമാരന്‍ എത്തുന്നത് 1973ലായിരുന്നു. നടന്റെ ഉള്ളിലെ തീ അടുത്തുനിന്നറിഞ്ഞ എംടി അഞ്ചുവര്‍ഷത്തിനിപ്പുറം സമ്മാനിച്ചത് ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കരുത്തുറ്റ കഥാപാത്രം. ബന്ധനം എന്ന ചിത്രത്തിലെ ആ വേഷം സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചു.
നിര്‍മാല്യത്തിനുമുമ്പ് സ്‌കൂള്‍ നാടകങ്ങളില്‍പോലും പ്രത്യക്ഷപ്പെടാത്ത സുകുമാരന്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. അത് പിന്നീട് ആ നടനിലുള്ള പ്രേക്ഷകന്റെ വിശ്വാസമായി മാറി.ജയന്‍, സുകുമാരന്‍, സോമന്‍ ത്രയം മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ജയനും സുകുമാരനും കൈകോര്‍ത്ത അങ്ങാടിപോലുള്ള സിനിമകള്‍ വന്‍ഹിറ്റുകളായി. നീതിനിഷേധത്തിനെതിരായ പൊള്ളുന്ന സംഭാഷണങ്ങള്‍ സുകുമാരന്റെ കഥാപാത്രങ്ങളുടെ സവിശേഷതയായിരുന്നു.സ്‌ഫോടനം, മനസാ വാചാ കര്‍മണാ, അഗ്‌നിശരം തുടങ്ങി എത്രയോ ഉദാഹരങ്ങള്‍. അതോടൊപ്പം സ്‌നേഹനിധിയായ കുടുംബനാഥന്റെ വേഷങ്ങളിലും സുകുമാരന്‍ തന്റെ കയ്യൊപ്പിട്ടു.
ശാലിനി എന്റെ കൂട്ടുകാരിയിലെ കോളജ് അധ്യാപകന്‍ ജയദേവനൊക്കെ അക്കാലത്ത് ക്യാംപസുകളെ ഇളക്കിമറിച്ചു.ജീവിതത്തില്‍ മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാലോകത്തിനുപുറത്തും സുകുമാരന് ഇരിപ്പിടം നല്‍കി. നട്ടെല്ലുള്ള നടനെന്നായിരുന്നു സഹപ്രവര്‍ത്തകര്‍തന്നെ വിശേഷിപ്പിച്ചത്.
പ്രതിഫലതര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുകുമാരന്‍ ഇടപെടുകയും നീതി ഉറപ്പുവരുത്തുകയും ചെയ്തത് സിനിമാലോകത്ത് പതിവില്ലാത്ത കാഴ്ചയായിരുന്നു.അഭിനേതാവായി ഒതുങ്ങിയില്ല സുകുമാരന്‍. ഭാര്യ മല്ലിക സുകുമാരനൊപ്പം മികച്ച സിനിമകളുടെ നിര്‍മാതാവുമായി. അകാലത്തിലായിരുന്നു നടന്റെ വിയോഗം.
മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്രഅരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. അമ്മത്തണലായി മല്ലിക മാത്രം. സുകുമാരനെ മറക്കാതിരിക്കാന്‍ മലയാളിമനസ്സുകളില്‍ നിരവധി സിനിമകളുണ്ട്.