കമല്‍ഹാസന്‍ എങ്ങനെ ഉലകനായകനായി. വിജയ് എങ്ങനെ ദളപതിയായി. തമിഴ് സൂപ്പര്‍താരങ്ങള്‍ക്ക് പട്ടം ചാര്‍ത്തിനല്‍കിയത് ആരാണ് എന്നതിന് പിന്നില്‍ ചില കൗതുകങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്.
സിനിമാതാരങ്ങളെ ആരാധിക്കുന്നതില്‍ തമിഴ് സിനിമാപ്രേമികള്‍ക്കൊപ്പം മറ്റാരും വരില്ല. പ്രിയ നടന്റെ സിനിമ റിലീസാകുമ്പോള്‍ പാലഭിഷേകവും പടക്കംപൊട്ടിക്കലുമായി ആദ്യഷോയ്ക്ക് തന്നെ കയറുന്ന ആരാധകരാണ് തമിഴകത്തുള്ളത്. താരത്തിന്റെ പേര് വെള്ളിത്തരയില്‍ എഴുതിക്കാണിക്കുമ്പോള്‍ കടലാസ് കീറിയെറിഞ്ഞും ആര്‍ത്തുവിളിച്ചും ആഘോഷിക്കുന്ന ആരാധകരും തിയേറ്ററിലെ പതിവ് കാഴ്ചയായി. പേരിനൊപ്പമുള്ള പട്ടം ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നതിന് പിന്നില്‍ ചില കൗതുകങ്ങളുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള കമല്‍ഹാസന് ഉലകനായകനെന്ന ടൈറ്റില്‍ നല്‍കിയത് സംവിധായകന്‍ കെ എസ് രവികുമാറാണ്.അദ്ദേഹത്തിന്റെ തെന്നാലി എന്ന ചിത്രത്തിലാണ് കമലിന് ഉലകനായകന്‍ എന്ന പട്ടം ആദ്യമായി ഉപയോഗിച്ചത്.
തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ മുടിചൂടാമന്നനായി മാറിയ നടന്‍ വിജയ് ഇളയദളപതി എന്ന ടൈറ്റിലാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്.1994ല്‍ പുറത്തിറങ്ങിയ രസിഗന്‍ എന്ന സിനിമയിലാണ് ഇതാദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീടങ്ങോട്ട് വന്‍താരമായി വളര്‍ന്ന വിജയ് 2010ല്‍ അറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന സിനിമയിലാണ് ഇളയദളപതി എന്ന ടൈറ്റില്‍കാര്‍ഡിന് പകരം ദളപതി വിജയ് എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത്.അറ്റ്‌ലി തന്നെയാണ് വിജയിക്ക് ഈ പേര് നല്‍കിയതെങ്കിലും ആരാധകര്‍ പിന്നീട് ഇത് ഏറ്റെടുത്തു.
തമിഴകത്തെ നടിപ്പിന്‍നായകനാണ് സൂര്യ.നടന്‍ ശിവകുമാറിന്റെ മകനായ ശരവണനാണ് പിന്നീട് സൂര്യയായി മാറിയത്.ബാല സംവിധാനം ചെയ്ത നന്ദ എന്ന സിനിമയിലാണ് സൂര്യ ആദ്യമായി നടിപ്പിന്‍ നായകന്‍ എന്ന പട്ടം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് തന്റെ അഭിനയത്തിലൂടെ പേരെടുത്ത സൂര്യ തന്റെ മറ്റ് സിനിമകളിലും ഈ പേര് ഉപയോഗിച്ചു.തമിഴകത്തെ തലൈവരാണ് രജനീകാന്ത്. 1978ല്‍ റിലീസായ ഭൈരവൈ എന്ന സിനിമ മുതലാണ് രജനീകാന്ത് തലൈവര്‍ എന്ന പട്ടം ഉപയോഗിച്ച് തുടങ്ങിയത്.