തിരുവനന്തപുരം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു.ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു.
കസ്റ്റംസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 300 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളായിരുന്നു മിക്കതും.
ചെയ്ത വില്ലൻവേഷത്തിന്റെ പേരിൽ അറിയപ്പെടുന്ന താരങ്ങൾ കുറവായിരിക്കും. എന്നാൽ മോഹൻരാജിന് അങ്ങനെ അറിയപ്പെടാനായിരുന്നു നിയോഗം. മോഹൻരാജ് എന്നു പറഞ്ഞാൽ പലരും അറിയില്ല. കീരിക്കാടൻ ജോസ് എന്നു പറഞ്ഞാൽ കൊച്ചുകുട്ടികൾവരെ അറിയും. പക്ഷേ, ഈ കീരിക്കാടൻ വേഷംതന്നെയാണു മോഹൻരാജിന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്ന സത്യം പലർക്കും അറിയില്ല. സിനിമയിൽ അഭിനയിച്ചതിന്റെപേരിൽ 20 വർഷമാണു ജോലിയിൽനിന്നു പുറത്തുനിൽക്കേണ്ടിവന്നത്.
കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ പേരും പ്രശസ്തിയുമായി മോഹൻരാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് സസ്പെൻഷൻ പെട്ടെന്നുതന്നെ കിട്ടി.
അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു.
മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോൾ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടൊക്കെ പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയിൽ. എന്നാൽ എങ്ങനെയോ കത്രികയിൽ തന്റെ വേഷം വെട്ടിമാറ്റപ്പെട്ടുവെന്നു മോഹൻരാജ് പറഞ്ഞു.
‘‘കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം’’– മോഹൻരാജ് പറഞ്ഞു.