തമന്നയുടെ വലിയ വിശേഷമായിരുന്നു ബാഹുബലിയിൽ അഭിനയിക്കുന്നതിനേ കുറിച്ചുള്ളത് എങ്കിൽ ഇപ്പോൾ അതിലും വലിയ വിശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.കഴിഞ്ഞ കുറച്ചുനാളുകളായി നടി തമന്നയും ബോളിവുഡ് നടൻ വിജയ് വർമയും ഡേറ്റിങ്ങിലാണോ എന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഊഹാപോഹങ്ങൾ മാത്രമായി നിന്ന കാര്യത്തിന് ഇപ്പോൾ തമ്മന്ന തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേട്ടതെല്ലാം ഗോസിപ്പല്ലെന്നും താനും വിജയ് വർമയും പ്രണയത്തിലാണ് എന്നുമാണ് തമന്ന സമ്മതിച്ചിരിക്കുന്നത്.
ഫിലിം കമ്പാനിയനുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ പ്രണയവിവരം തമന്ന വെളിപ്പെടുത്തിയത്. ഒപ്പം അഭിനയിച്ചു എന്നതുകൊണ്ടുമാത്രം ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2-ന്റെ സെറ്റിൽ വെച്ചാണ് വിജയ് വർമയുമായി അടുപ്പത്തിലായതെന്നും താൻ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന കൂട്ടിച്ചേർത്തു.
"വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവനും ആർക്കെങ്കിലും വേണ്ടി മാറ്റിമറിക്കേണ്ടത് ഇന്ത്യയിലും ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്." തമന്ന തുറന്നുപറഞ്ഞു.
ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരുടേയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആദ്യം പ്രചരിക്കാൻ തുടങ്ങിയത്. നേരത്തെ, ഒക്ടോബറിൽ ദിൽജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി, കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു ഫാഷൻ ഇവന്റ് എന്നിങ്ങനെ ഒന്നിലധികം അവസരങ്ങളിൽ ഇരുതാരങ്ങളേയും ഒരുമിച്ച് കണ്ടിരുന്നു.
അതേസമയം തമന്നയും വിജയിയും ഒരുമിച്ചഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 പ്രദർശനത്തിനൊരുങ്ങുകയാണ്. ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, അമിത് ശർമ്മ എന്നിവർ സംവിധാനം ചെയ്ത നാല് പുതിയ കഥകൾ ഉൾപ്പെടുന്ന ആന്തോളജിയാണ് ഈ ചിത്രം.