Share this Article
‘ടര്‍ക്കിഷ് തര്‍ക്കം’ സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു
വെബ് ടീം
posted on 27-11-2024
1 min read
turkish tharkam

മരണത്തെ കുറിച്ചുള്ളതും ജീവിതത്തെ കുറിച്ചുള്ളതുമായ ഒരുപിടി ചിന്തകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു.ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറിൽ മൂടപെട്ടൊരു യുവാവിന്‍റെ ജീവിതത്തിലൂടെയാണ് പ്രേക്ഷകർ പിന്നീട് കടന്നു പോകുന്നത്. ഖബറിലെ കാഴ്ചകൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. ആ യുവാവിന്‍റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ നടന്ന കാര്യങ്ങളാണ് ശേഷം കാണുന്നത്. പക്ഷേ അതുവരെ ആ യുവാവ് ആരായിരുന്നു എന്നുള്ളതല്ല, മരണത്തിന് ശേഷം ആ യുവാവ് ആരായി മാറുന്നു എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്. സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍  തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.  മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി. 

മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്.

സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും  അണിയറപ്രവർത്തകർ കൊച്ചിയിൽ പറഞ്ഞു. നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories