ജവാന്റെ ഇതുവരെ റിലീസ് ചെയ്ത പ്രിവ്യൂവും, അനിരുധിന്റെ സംഗീതത്തിലുള്ള ഗാനവും എല്ലാം ഹിറ്റ് ആണ്. ഈ വർഷത്തെ യൂട്യൂബ് റെക്കോർഡ് ഹിറ്റ് നൽകിയ ഗാനമാണ് ജവാനിലെ സിന്ദാ ബന്ത.എന്നാൽ ജവാന്‍റെ ദൃശ്യങ്ങൾ ചോർന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതിന് നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്. ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.
ആറ്റ്‍ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് ജവാൻ സിനിമയുടെ പ്രത്യേകത. നയൻതാരയാണ് ചിത്രത്തിലെ നായിക. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.