തിരുവനന്തപുരം: തുല്യതാ പരീക്ഷയില്‍ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിലാണ് നടന്‍ വിജയിച്ചത്. ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താരം.
അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ചായിരുന്നു പരീക്ഷ നടന്നത്. 500 ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം.
ഇന്ദ്രന്‍സിനും തുല്യതാപരീക്ഷയില്‍ ഭാഗമായ മറ്റുള്ളവര്‍ക്കും അഭിന്ദനം അര്‍പ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു. 'തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ. ഇന്ദ്രന്‍സ് വിജയിച്ചു. ശ്രീ.ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍,' മന്ത്രി കുറിച്ചു.
അറുപത്തിയെട്ടാം വയസിലാണ് ഇന്ദ്രന്‍സ് തുല്യതാ പരീക്ഷ പാസാകുന്നത്. നവകേരള സദസില്‍ വെച്ചായിരുന്നു പഠനം തുടരാനുള്ള ആഗ്രഹത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. പത്താം ക്ലാസ് പാസാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രന്‍സ് തുല്യതാ പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ ഭാഗമാകുന്നത്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായാല്‍ മാത്രമേ പത്താം ക്ലാസ് തുല്യത എഴുതാന്‍ കഴിയൂ.
1043 പേര്‍ പരീക്ഷയെഴുതിയതില്‍ ഇന്ദ്രന്‍സ് ഉള്‍പ്പടെ 1007 പേര്‍ ഏഴാം ക്ലാസ് തുല്യതാ കോഴ്സില്‍ വിജയിച്ചു. ഇതില്‍ 396 പുരുഷന്‍മാരും 611 സ്ത്രീകളുമുണ്ട്. നാലാംക്ലാസ് തുല്യത പരീക്ഷയുടെയും ഫലം പുറത്തുവന്നിട്ടുണ്ട്. ആകെ റജിസ്റ്റര്‍ ചെയ്ത 970 പേരില്‍ 487 പേരാണ് നാലാംക്ലാസ് തുല്യതയ്ക്ക് പരീക്ഷയെഴുതിയത്. ഇതില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ 476 പേരാണ് ജയിച്ചത്.