2023 ആദ്യ ഏഴ് മാസം പിന്നിടുമ്പോള്‍ മലയാളസിനിമയ്ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രം.തിയേറ്റര്‍ നിറച്ച് ഇതരഭാഷാ പടങ്ങളാണ്. മലയാളസിനിമ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്.2022ല്‍ തിയേറ്ററുകളിലെത്തിയത് ആകെ 176 മലയാളസിനിമകളായിരുന്നു.കഴിഞ്ഞ ഏഴ് മാസം കൊണ്ട് ഇതുവരെ റിലീസ് ചെയ്തത് 129 മലയാള സിനിമകള്‍.
ഈ വര്‍ഷം മലയാള സിനിമകളുടെ എണ്ണം 200 കടക്കാനാണ് സാധ്യത.സിനിമകളുടെ റിലീസില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കുന്നതോടൊപ്പം ബോക്‌സോഫീസിലുണ്ടാകുന്നത് നഷ്ടത്തിന്റെ റെക്കോര്‍ഡാണ്.അവധിക്കാലം,ഫെസ്റ്റിവല്‍സീസണ്‍ തുടങ്ങിയ സമയത്താണ് നല്ല രീതിയില്‍ കളക്ഷന്‍ വരാറുള്ളത്.എന്നാല്‍ സമീപകാലത്ത് ഈ സമയങ്ങളില്‍ വലിയ റിലീസുകള്‍ ഇല്ലാതിരുന്നത് മലയാളസിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയായി.
മലയാളസിനിമകളുടെ തുടര്‍ പരാജയങ്ങള്‍ മൂലം തിയേറ്ററുകള്‍ വലിയപ്രതിസന്ധി നേരിടുമ്പോള്‍ ആശ്വാസമാകുന്നത് ഇതരഭാഷാ സിനിമകളാണ്.പല ഇതരഭാഷാ സിനിമകളും വലിയ തോതില്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.ഒരു തിയേറ്റര്‍ നടത്താന്‍ ചുരുങ്ങിയത് നാല് ജീവനക്കാര്‍ ആവശ്യമാണ്.പരിപാലനം,പ്രൊജക്ടര്‍ വാടക,വൈദ്യുതി അടക്കം ഒരു ഷോ നടത്താന്‍ ശരാശരി രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപ വരെയാണ് ചെലവ്.ഇതുപോലും നേടിക്കൊടുക്കാന്‍ മലയാളസിനിമയ്ക്ക് സാധിക്കുന്നില്ല.
ഷോ കുറച്ചാണ് പലപ്പോഴും തിയേറ്റര്‍ നടത്തിപ്പിന്റെ നഷ്ടം കുറക്കുന്നത്.ആദ്യദിനം ഒരു കോടി രൂപ നേടിയ മലയാളസിനിമകള്‍ മൂന്നെണ്ണമാണ്.നന്‍പകല്‍ നേരത്ത് മയക്കം,ക്രിസ്റ്റഫര്‍, 2018 എന്നിവയാണ് ഈ മൂന്ന് ചിത്രങ്ങള്‍.പല മലയാളസിനിമകളുടെയും ആകെ കളക്ഷന്‍ ഒരു കോടിയിലെത്താന്‍ കഴിയാത്ത ഘട്ടത്തിലാണ്.
മലയാളത്തില്‍ ഫാന്‍സ് ഷോകള്‍ കുറഞ്ഞു.വളരെക്കുറച്ച് മാത്രമായി നടക്കുന്ന ഷോകളെ മലയാളസിനിമാ നിര്‍മ്മാതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.റിലീസ് ദിവസം തന്നെ ഷോ അവസാനിച്ച മലയാളസിനിമകള്‍ നിരവധിയാണ്.വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നതാണ് മിക്ക സിനിമകളുടെയും തിയേറ്റര്‍ ആയുസ്സ്.ഇരുന്നൂരില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി ഒറ്റദിവസം കൊണ്ട് ഭൂരിപക്ഷം തിയേറ്ററുകളും വെട്ടിക്കുറച്ച പടങ്ങള്‍ വരെയുണ്ട്.